പറവൂർ: യോഗ സാരഥ്യത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേർത്തലയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം എസ്.എൻ.ഡി.പി പറവൂർ യൂണിയൻ തത്സമയ പ്രക്ഷേപണം ചെയ്യും. യൂണിയൻ ആസ്ഥാനത്തെ വെള്ളാപ്പള്ളി നടേശൻ രജത ജൂബിലി ഓഡിറ്റോറിയത്തിലെ വലിയ എൽ.ഇ.ഡി സ്ക്രീനിലാണ് തത്സമയ പ്രക്ഷേപണം. പറവൂർ യൂണിയൻ ഭാരവാഹികളും 72 ശാഖകളിൽ നിന്നുള്ള ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും ഇവിടെയെത്തി സമ്മേളനം കാണും. 500ൽ താഴെ പേർക്ക് കാണാവുന്ന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടിന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഹരി വിജയൻ, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യൂണിയൻ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ സംസാരിക്കും.