വൈപ്പിൻ: ഭിന്നശേഷിക്കാരുടെ ശാക്തീകരണം ലക്ഷ്യമിടുന്ന ഉഷസ് 2021ന്റെ ഭാഗമായി ഓച്ചന്തുരുത്ത് വൈസ്‌മെൻസ് ക്ലബ്ബിന്റെയും വൈപ്പിൻ ബി.ആർ.സി.യുടെയും സഹകരണത്തിൽ വിദ്യാർത്ഥിനിക്ക് നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനവും ഗൃഹപ്രവേശനവും കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. എടവനക്കാട് ഇല്ലത്തുപടിയിൽ ശ്രീമ ശ്രീകാന്തിനാണ് അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമായത്.
ആറുലക്ഷം രൂപ ചെലവിൽ 450 ചതുരശ്ര അടിയിലുള്ള വീടാണ് നിർമ്മിച്ചത്. ഗൃഹപ്രവേശന കർമ്മത്തിൽ വൈസ്‌മെൻസ് ക്ലബ്ബ് ചാർട്ടർ പ്രസിഡന്റ് ക്രിസ്റ്റഫർ സാംസൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാം, പഞ്ചായത്തംഗം ബിനോയ്, എ. പി. പ്രനിൽ, ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ കെ. എസ് ദിവ്യരാജ്, വൈസ് മെൻസ് രണ്ടാം ഡിസ്ട്രിക്ട് ഗവർണർ ജെയ് എൻ. ജോൺ എന്നിവർ പങ്കെടുത്തു.