വൈപ്പിൻ: അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ചെറായി പോസ്റ്റ് ഓഫീസ് പ്രവർത്തനം പ്രതിസന്ധിയിലേക്ക്. ചെറായി ദേവസ്വം നടയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിന്റെ കെട്ടിടം ചെറായി അഴീക്കൽ വരാഹ ദേവസ്വം വകയാണ്. 2250 രൂപയാണ് ഇപ്പോഴത്തെ പ്രതിമാസ വാടക. ഉടമകളുടെ അഭ്യർത്ഥന മാനിച്ച് സർക്കാർ വ്യവസ്ഥയ്ക്ക് വിധേയമായി 6500 രൂപയായി വർദ്ധിപ്പിക്കാൻ ഡിപ്പാർട്ട്‌മെന്റ് തയ്യാറായിട്ടുണ്ട്. എന്നാൽ അതിനേക്കാൾ വലിയ തുകയാണ് ഉടമകൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. ആവശ്യപ്പെടുന്ന വാടക ലഭിച്ചിലെങ്കിൽ പോസ്റ്റ് ഓഫീസ് ഒഴിയണമെന്നതാണ് ദേവസ്വത്തിന്റെ നിലപാട്. പോസ്റ്റ് ഓഫീസ് പ്രവർത്തനത്തിന് വിഘാതം വരാതെ ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇതിന് പരിഹാരം കാണണമെന്ന് പള്ളിപ്പുറം പഞ്ചായത്ത് റസിഡന്റ്സ് അസോസിയേഷൻ അപ്പെക്‌സ് കൗൺസിൽ സെക്രട്ടറി പി. കെ. ഭാസി അഭ്യർത്ഥിച്ചു.