 7 യുവതികളടക്കം 17 പേ‌ർക്കെതിരെ കേസ്

കൊച്ചി: മോഡലുകളും സുഹൃത്തും മരിച്ച ദുരൂഹ കാറപകടക്കേസിലെ രണ്ടാംപ്രതി സൈജു എം. തങ്കച്ചനുമായി നിരന്തരം ലഹരി ഇടപാട് നടത്തിയവർക്കെതിരെ കേസെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. സൈജുവിന്റെ മൊഴിയുടെയും ഫോൺകോൾ, ചാറ്റുകൾ എന്നിവയുടെയും അടിസ്ഥാനത്തിൽ ഏഴ് യുവതികളടക്കം 17 പേ‌ർക്കെതിരെ എൻ.ഡി.പി.എസ് ആക്ടുപ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി നടപടി കടുപ്പിക്കാനാണ് തീരുമാനം. ഇന്ന് കൂടുതൽ കേസുകൾ എടുത്തേക്കും. പാർട്ടി നടന്ന സ്ഥലങ്ങളിലെ പൊലീസ് സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി സിറ്റി പരിധിയിൽ എറണാകുളം സൗത്ത്, മരട്, പനങ്ങാട്, തൃക്കാക്കര, ഇൻഫോപാർക്ക്, ഫോർട്ടുകൊച്ചി എന്നീ സ്റ്റേഷനുകളിലായി എട്ടുകേസുകളും ഇടുക്കി വെള്ളത്തൂവൽ, മാരാരിക്കുളം സ്‌റ്റേഷനുകളിലായി ഒന്നുവീതം കേസുമാണ് രജിസ്റ്റർചെയ്തത്.

 15 പേർ മുങ്ങി

ക്രൈംബ്രാഞ്ച് മയക്കുമരുന്ന് കേസെടുത്ത 17പേരിൽ 15പേ‌ർ ഒളിവിലാണ്. കൊച്ചിയിലെ ഹോട്ടലുടമയായ യുവതിയും ഭർത്താവും ഇതിൽപ്പെടും. ഇവർ വൻതോതിൽ പണം സമ്പാദിച്ചത് ലഹരി ഇടപാടിൽ നിന്നാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഇവർ ഇതുവരെ ചോദ്യംചെയ്യലിന് ഹാജരായിട്ടില്ല. 15 പേരുടെയും മൊബൈൽഫോൺ സ്വിച്ച് ഒഫാണ്. സൈജുവിന്റെ മൊഴി പുറത്തുവന്നതിന് പിന്നാലെ ഇവർ ഫോൺ സ്വിച്ച് ഒഫാക്കി മുങ്ങിയതാണെന്നാണ് കരുതുന്നത്. മൂന്നുപേ‌ർ മാത്രമാണ് ഇതുവരെ ചോദ്യം ചെയ്യലുമായി സഹകരിച്ചത്. ഒളിവിലുള്ളവരെ കണ്ടെത്തി ചോദ്യംചെയ്യുന്നതോടെ പാർട്ടിയിൽ പങ്കെടുത്ത കൂടുതൽപേരെ തിരിച്ചറിയാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. പാർട്ടികളിൽ മയക്കുമരുന്ന് എത്തിക്കുന്നവരെക്കുറിച്ച് നി‌ർണായകവിവരം ലഭിച്ചിട്ടുണ്ട്.

 ഫ്ലാറ്റുകളിൽ റെയ്ഡ്
സംസ്ഥാന ലഹരി ഇടപാടുകളിൽ പ്രധാനിയായ സൈജു കൊച്ചിയിൽ താമസിച്ചിരുന്ന മൂന്ന് ഫ്ലാറ്റുകളിൽ അന്വേഷണസംഘം മിന്നൽ പരിശോധനനടത്തി. കാക്കനാട് ഇടച്ചിറ രാജഗിരി വാലിയിലെ ഫ്ലാറ്റ്, കാക്കനാട്ടെതന്നെ മറ്റൊരു ഫ്ലാറ്റ്, സൈജുവിന്റെ സുഹൃത്തിന്റെ എറണാകുളത്തെ ഫ്ലാറ്റ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ചില നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ഫ്ളാറ്റുകളിൽ ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടോ എന്നാണ് മുഖ്യമായും പരിശോധിച്ചത്. ഇവിടെ വന്നുപോയവരുടെ വിവരങ്ങൾ അന്വേഷണസംഘം രജിസ്റ്ററിൽനിന്ന് ശേഖരിച്ചിട്ടുണ്ട്. ഡി.ജെ പാർട്ടി നടന്നതായി തെളിവ് ലഭിച്ച ഫ്ളാറ്റുകളാണ് മൂന്നും. ഫ്ലാറ്റുകളുടെ വിലാസവും പങ്കെടുത്തവരുടെ വിവരങ്ങളും സൈജു അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. ഇതേത്തുടർന്നായിരുന്നു റെയ്ഡ്.