ആലുവ: ഭർതൃപീഡനവും പൊലീസ് സ്റ്റേഷനിലെ അപമാനവും സഹിക്കാനാകാതെ ആത്മഹത്യ ചെയ്ത മോഫിയ പർവീന്റെ മുത്തലാഖ് ചർച്ചനടന്ന ആലുവ ടൗൺ മസ്ജിദിൽ അന്വേഷണസംഘം പരിശോധന നടത്തി. ചർച്ച നടന്നതിന്റെ മിനിറ്റ്സ് ബുക്ക്, ഹാജർബുക്ക് എന്നിവ വിദഗ്ദ്ധ പരിശോധനയ്ക്കായി ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. രാജീവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പള്ളി കമ്മിറ്റി ഭാരവാഹികൾ, ഉസ്താദ് എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.

വിവാഹമോചനവുമായി ബന്ധപ്പെട്ട് പള്ളി കമ്മിറ്റിക്ക് ഭർത്താവ് മുഹമ്മദ് സുഹൈൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുകുടുംബങ്ങളെയും ചർച്ചയ്ക്ക് വിളിപ്പിച്ചത്. മോഫിയ വിവാഹമോചനത്തിന് സന്നദ്ധമല്ലായിരുന്നു. ചർച്ചയ്ക്കിടയിൽ ബഹളം നടന്നതോടെ ഇരുകുടുംബങ്ങളെയും ഒഴിവാക്കി ഉസ്താദും ദമ്പതികളും തമ്മിലും ചർച്ചനടന്നു. വിവാഹമോചനം വേണമെന്ന് പറഞ്ഞ് മുറിയിൽ നിന്നിറങ്ങിപ്പോകാൻ ശ്രമിച്ച സുഹൈലിന്റെ കൈയിൽപിടിച്ച് ഉപേക്ഷിക്കരുതെന്ന് പറഞ്ഞ് മോഫിയ കരഞ്ഞു. ഈ സമയം മോഫിയയെ തള്ളിയിട്ട ശേഷമാണ് സുഹൈൽ പുറത്തേക്കിറങ്ങിയത്. ഈ സംഭവത്തിന്റെ സി.സി ടിവി ദൃശ്യമെല്ലാം പള്ളിയിലുണ്ട്.

ചർച്ചയുടെ സി.സി ടിവി ദൃശ്യം പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം മോഫിയയുടെ ബന്ധുക്കൾ ശേഖരിക്കാൻ ശ്രമിച്ചിരുന്നു. നൽകാമെന്ന് പറഞ്ഞ പള്ളികമ്മിറ്റി ഭാരവാഹികൾ പിന്നീട് പിൻമാറി. കൊടുക്കേണ്ടതില്ലെന്ന് കമ്മിറ്റി തീരുമാനിച്ചുവെന്നാണ് അറിയിച്ചത്. ഇതേത്തുടർന്ന് അന്വേഷണസംഘം നേരിട്ട് സി.സി ടിവി ദൃശ്യം ലഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ടാഴ്ച പിന്നിട്ടതിനാൽ ദൃശ്യം നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്. എന്നാൽ ഹാർഡ് ഡിസ്കിൽനിന്ന് സൈബർസെൽ വിദഗ്ദ്ധരെ ഉപയോഗിച്ച് ദൃശ്യം വീണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

മുഹമ്മദ് സുഹൈലിന്റെ ഭാര്യയായി മാതാപിതാക്കൾ ഡോക്ടറെ ആഗ്രഹിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിനായാണ് മോഫിയയെ ഒഴിവാക്കാൻ നീക്കംനടന്നത്. ഡോക്ടറല്ലാത്തതിന്റെ പേരിൽ മോഫിയയെ മാനസികമായി പീഡിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സുഹൈലിന്റെ പിടിച്ചെടുത്ത മൊബൈൽഫോണിൽനിന്ന് നിർണായകമായ വിവരങ്ങൾ ലഭിച്ചു. മോഫിയയുടെ ശബ്ദസന്ദേശങ്ങളാണ് സംഘം പരിശോധിച്ചത്. മാനസികവും ശാരീരികവുമായ പീഡനങ്ങളെപ്പറ്റി മോഫിയ സ്വന്തംവീട്ടിൽനിന്ന് സുഹൈലിന് അയച്ച ശബ്ദസന്ദേശങ്ങളാണ് ലഭിച്ചത്. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളായ ഭർത്താവ് സുഹൈൽ, ഭർതൃമാതാവ് റുഖിയ, ഭർതൃപിതാവ് യൂസഫ് എന്നിവരുടെ ജാമ്യാപേക്ഷ നാളെ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.