മൂവാറ്റുപുഴ: സഹകരണ മേഖലയെ തകർക്കുന്നതിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. റിസർവ് ബാങ്ക് ലൈസൻസ് ഇല്ലാത്ത സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത് എന്നാണ് സംഘങ്ങളോട് പറയുന്നത്. ഇങ്ങനെ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്ന സ്ഥാപനങ്ങളിലെ നിക്ഷേപത്തിന് ഡി.ഐ.സി.ജി.സി (ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ ഒഫ് ഇന്ത്യ ) യുടെ സംരക്ഷണം ലഭിക്കില്ല എന്നാണ് പറയുന്നത്. സംസ്ഥാനത്തെ പ്രാഥമിക സംഘങ്ങളുടെ ഇക്കാലമത്രയുമുള്ള പ്രവർത്തന സമയത്ത് ഒരിക്കൽപോലും ഡി.ഐ.സി.ജി.സിയുടെ സംരക്ഷണമല്ല, സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സഹകരണ നിക്ഷേപ ഗ്യാരന്റി ബോർഡിന്റെ സംരക്ഷണമാണ് ഉള്ളത്. നോട്ട് നിരോധന സമയത്ത് പോലും ഒരു സഹകരണ സ്ഥാപനത്തിലെ നിക്ഷേപകനും പണം കിട്ടാതെ ബാങ്ക് പൂട്ടിപ്പോകുന്ന സ്ഥിതി ഉണ്ടായിട്ടില്ല. തികച്ചും ജനകീയമായ സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്തിരിയണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.