കൊച്ചി: കളമശേരി പത്തടിപ്പാലത്ത് യുവതി കാറപകടത്തിൽ മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. കാറിലുണ്ടായിരുന്ന മൂന്ന് പേരും മദ്യപിച്ചിരുന്നു. അപകടം സംബന്ധിച്ച കൂടുതൽ സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കും.

ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളിവീട്ടിൽ മൻസിയയാണ് (സുഹാന-21) കാറപകടത്തിൽ മരിച്ചത്. മകളുടെ മരണത്തിൽ മാതാവ് ദുരൂഹത ഉന്നയിച്ചിരുന്നു. അപകടം നടന്ന കാറിൽ നാലാമതൊരാളുടെ സാന്നിദ്ധ്യമാണ് സംശയത്തിന് കാരണമായത്. അപകടശേഷം കാറിൽനിന്ന് ഒരാൾ ഓടിപ്പോയി. വിവരം തങ്ങളെ അറിയിച്ചത് ഇയാളാണ്. എന്നാൽ അപകടശേഷം ഇയാൾ ഒളിവിലാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മൻസിയയെ കൊല്ലുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. സി.സി ടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെ ദുരൂഹത അഴിക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

കാറോടിച്ചിരുന്ന സൽമാനുൾ ഫാരിസിനെയും (26) കാറിലുണ്ടായിരുന്നു സുഹൃത്ത് ജിബിൻ ജോൺസണെയും (28) വീണ്ടും ചോദ്യംചെയ്യും. ഇരുവരെയും നേരത്തെ ചോദ്യംചെയ്തിരുന്നു. ഇവർ പറഞ്ഞ കാര്യങ്ങളിൽനിന്ന് വിരുദ്ധമായ കാര്യങ്ങളാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.