thoppil-anto

കൊച്ചി: പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ (81) ഇടപ്പള്ളിയിലെ വീട്ടിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് ഇടപ്പള്ളി സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ. ആയിരത്തിലേറെ നാടകഗാനങ്ങളും സിനിമാഗാനങ്ങളും ആലപിച്ചിട്ടുണ്ട്. കൊച്ചിൻ കലാഭവൻ, ഹരിശ്രീ, ശിവഗിരി ശാരദാ കലാസമിതി, തിരുവനന്തപുരം ടാസ്, കൊച്ചിൻ സാക്‌സ്, ഓൾഡ് ഈസ് ഗോൾഡ് തുടങ്ങിയ സമിതികളുടെ സ്ഥിരം ഗായകനായിരുന്നു.

ലളിതഗാനത്തിന് 1982ൽ കേരള സംഗീതനാടക അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. കൊച്ചിൻ ബാൻഡർ എന്ന പേരിൽ സ്വന്തമായി മ്യൂസിക്ട്രൂപ്പും നടത്തിയിട്ടുണ്ട്. തൃശൂർ റേഡിയോ നിലയത്തിലും ജോലിചെയ്തിരുന്നു.

വീണപൂവ്, സ്‌നേഹം ഒരു പ്രവാഹം, അനുഭവങ്ങളേ നന്ദി തുടങ്ങിയ ചിത്രങ്ങളിൽ പാടി. ബാബുരാജ്, എം.കെ. അർജുനൻ, ദേവരാജൻ എന്നിവർ സംഗീതംപകർന്ന ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

ഹണീ ബീ 2ൽ ആണ് അവസാനം പാടിയത്. കാഞ്ഞൂർ കിഴക്കുംഭാഗം പൈനാടത്ത് കുടുംബാംഗം ട്രീസയാണ് ഭാര്യ. മെറ്റിൽഡ, സംഗീതസംവിധായകൻ പ്രേം ആന്റോ, ഗ്ലാൻസിന, മേരിദാസൻ എന്നിവരാണ് മക്കൾ. മരുമക്കൾ: ജോളി പുത്തൻപുരയ്ക്കൽ, ലിന ഗ്ലാൻസിൻ, ബെറ്റി മേരിദാസ്, പരേതനായ സണ്ണി സെബാസ്റ്റ്യൻ.