മൂവാറ്റുപുഴ : സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരെയും മർദ്ദിക്കുകയും ചെയ്ത കേസിൽ മൂന്നുപേർക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രി ആൻഡ് റിസർച്ച് സെന്ററിലെ അത്യാഹിത വിഭാഗത്തിൽ ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ 10 വയസുള്ള കുട്ടിയുമായാണ് സംഘം ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചശേഷം ഒരാൾ ഒഴികെ മറ്റുള്ളവരെല്ലാം പുറത്തേയ്ക്കിറങ്ങണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതോടെ സംഘം ബഹളംവച്ചു. തുടർന്ന് ഡോ. ദീപേഷ് ദേവദാസ് കുട്ടിയെ പരിശോധിക്കാൻ വരുന്നതിനിടെ മൂന്നംഗ സംഘം ഡോക്ടറെ മർദ്ദിക്കുകയും മുഖത്തെ മാസ്ക് ബലമായി എടുത്തുകളയുകയും ചെയ്യുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ബഹളംകേട്ട് ഓടിയെത്തിയ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും സംഘം മർദ്ദിച്ചു. കൂടുതൽ സെക്യൂരിറ്റി ജീവനക്കാർ എത്തിയതോടെയാണ് രംഗം ശാന്തമായത്. സംഭവത്തെ തുടർന്ന് ഡോ. ദീപേഷ് ദേവദാസ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി. ആശുപത്രികളിൽ ഡോക്ടർമാർക്കെതിരെ ആക്രമണം നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ഐ.എം.എ മൂവാറ്റുപുഴ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ആനി ഉതുപ്പാൻ, സെക്രട്ടറി ഡോ. മഞ്ജു രാജഗോപാൽ എന്നിവർ ആവശ്യപ്പെട്ടു.