മൂവാറ്റുപുഴ: ലക്ഷങ്ങൾ ചെലവഴിച്ച് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കെട്ടിടം ഉപയോഗിക്കാതെ നശിക്കുന്നു. പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ അരക്കോടിയോളം രൂപ ചെലവഴിച്ച് മുളവൂർ വായനശാലപ്പടിക്കു സമീപം നിർമാണം പൂർത്തിയാക്കിയ മൂന്ന് നില കെട്ടിടവും പായിപ്ര പഞ്ചായത്ത് 10-ാം വാർഡിൽ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പിൽ 22 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച പബ്ലിക് ഹെൽത്ത് സെന്റർ കെട്ടിടവുമാണ് ഉപയോഗിക്കാത്തതിനാൽ നശിക്കുന്നത്.
വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് മുളവൂർ വായനശാലപ്പടിയിൽ മൂന്ന് നില കെട്ടിടം നിർമിച്ചത്. കെട്ടിടനിർമാണം പൂർത്തിയാക്കിയെങ്കിലും വൈദ്യുതിയും വെള്ളവും എത്തിക്കാൻ ഇതുവരെ നടപടിയായിട്ടില്ല.
പായിപ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രമായി പഞ്ചായത്തിലെ നാലാം വാർഡ് ഭാഗികമായും 8, 9, 10, 11 വാർഡുകളിലെയും ജനങ്ങൾക്ക് ചികിത്സാ സൗകര്യം ഒരുക്കാൻ വേണ്ടിയാണ് 1200 ചതുരശ്ര അടി വിസ്തീർണമുള്ള പബ്ലിക് ഹെൽത്ത് സെന്ററിന്റെ നിർമാണം പൂർത്തിയാക്കിത്. നിലവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ പായിപ്രയിൽ തൃക്കളത്തൂരാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. പായിപ്രയിലെ 8, 9, 10, 11 വാർഡുകളിൽ ഉള്ളവർ കിലോമീറ്ററുകൾ സഞ്ചരിച്ചു വേണം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്താൻ. ഇതു പരിഹരിക്കാൻ വേണ്ടിയാണ് സബ് സെന്റർ ആരംഭിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇവിടെയും ഇലക്ട്രിക് വയറിംഗ്, പ്ലംബിംഗ് ജോലികൾ നടന്നിട്ടില്ല. നിലവിൽ കെട്ടിടം കാടുപിടിച്ച് കിടക്കുകയാണ്.
സമാനമായ വിധത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പല സ്ഥലങ്ങളിലും നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾ ഉപയോഗശൂന്യമായ നിലയിൽ കിടപ്പുണ്ട്. വികസന പദ്ധതികളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടങ്ങൾ നിർമിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്നത് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ വർഷങ്ങളായി തുടരുകയാണ്. കോടിക്കണക്കിനു രൂപയാണ് കെട്ടിടങ്ങൾ നിർമിക്കാൻ ചെലവഴിക്കുന്നത്. എന്നാൽ കെട്ടിടം സംരക്ഷിക്കാൻ തുടർ നടപടികൾ സ്വീകരിക്കാൻ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വാഴപ്പിള്ളി നിരപ്പിലെ പബ്ലിക് ഹെൽത്ത് സെന്ററിന് ചെലവായത് : 22 ലക്ഷം രൂപ
പായിപ്ര ഗ്രാമപഞ്ചായത്തിലെ കെട്ടിടത്തിന് ചെലവായത്: ഏകദേശം 50,0000 രൂപ