കൊച്ചി: അവഗണിക്കപ്പെട്ടു കിടന്ന ആദിവാസി വിഭാഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കാനും അവരുടെ പ്രശ്നങ്ങളിലേക്ക് വെളിച്ചംവീശാനും ജയ് ഭീം എന്ന സിനിമയ്ക്ക് കഴിഞ്ഞുവെന്ന് ജസ്റ്റിസ് കെ. ചന്ദ്രു പറഞ്ഞു. ഒരു സിനിമയ്ക്ക് അത്രയും കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞെങ്കിൽ ആ മാതൃകയിലുള്ള കൂടുതൽ സിനിമകളുണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ. ചന്ദ്രു.
ഏറ്റുമുട്ടൽ കൊലപാതകങ്ങളുൾപ്പെടെ ആറായിരത്തോളം നിർണ്ണായക കേസുകളിൽ വിധിപറഞ്ഞ താനും ആ സിനിമയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. സിനിമ കണ്ടതിനുശേഷം ഒട്ടേറെപ്പേർ ബന്ധപ്പെട്ടു. നമുക്കിടയിൽ ഇങ്ങനെയും ജീവിതങ്ങളുണ്ടെന്ന തിരിച്ചറിവ് ഇപ്പോഴാണുണ്ടാകുന്നതെന്ന് പല ചെറുപ്പക്കാരും പറഞ്ഞു. കാരുണ്യ പ്രവർത്തനമെന്ന നിലയിലല്ല, അവർക്കായി എന്തുചെയ്യാൻ കഴിയുമെന്നും ചോദിച്ചു. വിവേചനം എല്ലാ മേഖലയിലും കാണാം. ഗ്രാമങ്ങൾക്കകത്തുതന്നെ മൂന്നുതരത്തിലുള്ള വകഭേദങ്ങൾ കാണാം. ആദിവാസികൾ താമസിക്കുന്നിടം, പട്ടികജാതി വിഭാഗങ്ങൾ താമസിക്കുന്നിടം, പിന്നെ മറ്റൊരു പ്രധാനഗ്രാമവും... ഈ വേർതിരിവുകൾക്കിടയിലും പ്രതീക്ഷനൽകുന്ന ഘടകങ്ങൾ ഏറെയുണ്ടെന്ന് സിനിമയോടുള്ള പ്രതികരണം തെളിയിച്ചു.
അഭിഭാഷകനായി തുടർന്ന തന്നെ ന്യായാധിപനാക്കിയത് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരാണ്. പ്രായവ്യത്യാസമൊന്നും ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിച്ചില്ല. സജീവ രാഷ്‌ട്രീയപ്രവർത്തകൻ, മന്ത്രി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചശേഷം ഹൈക്കോടതി ജഡ്ജിയുടെ പദവിയിലെത്തിയ വി.ആർ. കൃഷ്ണയ്യർ ഏതുസ്ഥാനവും ജനസേവനത്തിനായി ഫലപ്രദമായി വിനിയോഗിക്കാമെന്ന് തെളിയിച്ചു. 2006ൽ ജഡ്ജിയായി സ്ഥാനമേറ്റ താനും കൃഷ്ണയ്യരുടെ പാതയാണ് പിന്തുടർന്നത്. അദ്ദേഹത്തിന്റെ ജീവിതം വഴികാട്ടിയായി. കൃഷ്ണയ്യർ എന്നും ജനങ്ങൾക്കിടയിലാണ് ജീവിച്ചത്. പാവങ്ങൾക്ക് സൗജന്യനിയമസഹായം ലഭിക്കാനുള്ള സൗകര്യമൊരുക്കിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സംഭാവന. പ്രതിഫലം പ്രതീക്ഷിക്കാതെ താഴേക്കിടയിലുള്ളവർക്കായി പ്രവർത്തിക്കുന്നതാണ് ഏറ്റവും വലിയ സേവനമെന്ന് അദ്ദേഹം പഠിപ്പിച്ചുവെന്ന് ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. ജസ്റ്റിസ് ജെ.ബി. കോശി ചടങ്ങിൽ അദ്ധ്യക്ഷനായി. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെക്കുറിച്ചുള്ള പഠനത്തിന് പി.എച്ച്.ഡി ലഭിച്ച ഡോ. ദിവ്യചന്ദ്രന് ജസ്റ്റിസ് ചന്ദ്രു മെമന്റോ സമ്മാനിച്ചു. മുൻ കളക്ടർ എം.പി. ജോസഫ് കെ.ആർ. വിശ്വംഭരൻ അനുസ്മരണം നടത്തി. ഡോ. സനിൽകുമാർ സ്വാഗതവും വി.വി. മുരളി നന്ദിയും പറഞ്ഞു.