കൊച്ചി: പതിമൂന്നാംവയസിൽ കാളിദാസ കലാകേന്ദ്രത്തിൽ നിന്നാരംഭിച്ച തോപ്പിൽ ആന്റോയുടെ കലാജീവിതത്തിനാണ് ഇന്നലെ തിരശീലവീണത്. ആന്റോ പാടാത്ത വേദികൾ കേരളത്തിൽ അപൂർവമാണ്. എറണാകുളത്തെ ടാൻസൻ മ്യൂസിക് ക്ലബ്ബിൽ സി.ഒ. ആന്റോ, സീറോ ബാബു, മരട് ജോസഫ് എന്നിവർക്കൊപ്പം ഗാനമേളകളിൽ പാടിയി​ട്ടുണ്ട്. മുഹമ്മദ് റാഫിയുടെ ഹിറ്റ് ഗാനങ്ങളായിരുന്നു ആന്റോയുടെ പ്രിയപ്പെട്ട പാട്ടുകൾ. കൊച്ചിയിലെ ഉത്സവപ്പറമ്പുകളിലെ ജനപ്രിയ ഗായകനായ ആന്റോയുടെ പതി​വ് പാട്ടുകളി​ലൊന്ന് 'യാഹൂ...' എന്ന പ്രശസ്തഗാനമാണ്

സി.ജെ. തോമസ്, എൻ.എൻ. പിള്ള, പി.ജെ. ആന്റണി, വൈക്കം ചന്ദ്രശേഖരൻനായർ തുടങ്ങിയ നാടക രംഗത്തെ അതികായന്മാർക്കൊപ്പം പ്രവർത്തി​ക്കാനും ഭാഗ്യംസി​ദ്ധി​ച്ചു.

കോട്ടയം നാഷനൽ തിയേറ്റേഴ്‌സ്, എൻ.എൻ. പിള്ളയുടെ വിശ്വകേരള കലാസമിതി തുടങ്ങിയ ട്രൂപ്പുകളി​ൽ പ്രവർത്തി​ച്ചു. പ്രവാസി പ്രണവധ്വനി പുരസ്കാരം, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം അവാ‌‌ർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

"പിന്നിൽനിന്നു വിളിക്കും കുഞ്ഞാടുകൾ തൻ വിളികേൾക്കാതെ എങ്ങു പോണൂ" എന്ന ഗാനമാണ് ആദ്യമായി സിനിമയ്ക്കുവേണ്ടി പാടിയത്.

ചവിട്ടുനാടക കലാകാരൻ കുഞ്ഞാപ്പുവിന്റെയും ഏലിയാമ്മയുടേയും മൂന്ന് മക്കളിൽ രണ്ടാമനായിരുന്നു ആന്റോ. കലൂർ സെന്റ് അഗസ്റ്റിൻസ് സ്‌കൂളിലും പരിസരങ്ങളിലും പരിപാടികൾ അവതരിപ്പിച്ചാണ് സംഗീതരംഗത്തേക്ക് വന്നത്.

 മാഞ്ഞുപോയത് കൊച്ചി​ നഗരത്തി​ന്റെ പാട്ടുകാരൻ

നാട്ടുതോപ്പിലെ പാട്ടുകുയിലായിരുന്നു തോപ്പിൽ ആന്റോ. യേശുദാസിന്റെ സമകാലികനായി ജനിച്ച് ഗാനമേളകളിലൂടെ നാട്ടുകൂട്ടത്തിന്റെ നവരസങ്ങളെ ഉദ്ദീപിപ്പിച്ച നല്ല ഗായകനായിരുന്നു . ആർ.കെ. ദാമോദരൻ