കോലഞ്ചേരി: കോരൻകടവ് പാലത്തിനായി പാലം വലിച്ചവർ ഒതുങ്ങി. മൂന്ന് സ്പാനുകൾ കൂടി ബന്ധിപ്പിച്ചാൽ കോരൻകടവ് പാലം യാഥാർത്ഥ്യമാകും. കുന്നത്തുനാട് - പിറവം നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം. 2010 ൽ തുടങ്ങിയ പാലം പണിക്കെതിരായ പലരും "പണി " തുടങ്ങിയതോടെ പത്ത് വർഷം നീണ്ട് 2020 ലാണ് പുനരാരംഭിച്ചത്. പകുതി ഭാഗം പാലം വാർത്ത് കഴിഞ്ഞു. ഇനി മൂന്ന് സ്പാനുകൾ കൂടി വാർത്ത് കഴിഞ്ഞാൽ പാലം യാഥാർത്ഥ്യമാകും. അപ്രോച്ച് റോഡിനായി രണ്ട് പേരുടെ സ്ഥലം കൂടി ഏറ്റെടുക്കാനുണ്ട്. സാങ്കേതികമായി ഉണ്ടായ തടസമാണ് കാലതാമസത്തിനിടയായത്. സാങ്കേതിക തടസങ്ങൾ നീക്കുന്നതിനുള്ള മുഴുവൻ രേഖകളും സമർപ്പിച്ചു കഴിഞ്ഞതോടെ അത്തരം ആശങ്കകളും നീങ്ങി. പൂതൃക്ക രാമമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുഴയ്ക്ക് കുറുകെ 125 മീറ്ററിലാണ് പാലം. 11 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശവും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. പാലം യാഥാർത്ഥ്യമാകുന്നതോടെ പിറവം, കൂത്താട്ടുകുളം മേഖലകളിൽ നിന്ന് കോലഞ്ചേരിയിലേക്കുള്ള ദൂരം ഗണ്യമായി കുറയും.
മേഖലയിലെ 13 സ്വകാര്യ വ്യക്തികളുടെ സഥലമേറ്റെടുത്താണ് അപ്രോച്ച് റോഡ് നിർമ്മിച്ചത്. ഇതിൽ കരഭൂമിയുള്ള ഒമ്പതു പേരുടെ ഭൂമി ഏറ്റെടുത്ത് പണം നല്കിയപ്പോൾ ഒരാളുടെ നാലര സെന്റ് ഭൂമിയുടെ രണ്ടര സെന്റ് മാത്രമാണ് ഏറ്റെടുത്തത്. റോഡിന്റെ തുടക്കത്തിലുള്ള ഭൂമി ഇദ്ദേഹത്തിന്റെതാണ്. സ്ഥലം വിട്ടു നല്കാൻ തയ്യാറായിട്ടും ഏറ്റെടുത്ത റവന്യൂ വകുപ്പിന് പറ്റിയ കൈപ്പിഴയാണ് ഭൂമി ഏറ്റെടുക്കാൻ കഴിയാതെ പോയത്. ഏറ്റെടുക്കാനുള്ള നാലു പേരുടെ ഭൂമി നിലമാണ് അത് കാർഷിക വകുപ്പ് പരിവർത്തന സർട്ടിഫിക്കറ്റ് നല്കി നിലം പുരയിടമാക്കണം. വകുപ്പുകൾ തമ്മിലുള്ള ശീത സമരത്തിൽ അതും നടന്നിട്ടില്ല.
തർക്കത്തിൽ നീണ്ടു
2010 ൽ അന്നത്തെ എം.എൽ.എ എം.എം.മോനായിയുടെ ശ്രമഫലമായാണ് പാലം നിർമ്മാണമാരംഭിച്ചത്. അഞ്ചു സ്പാനുകളുടെ നിർമ്മാണം പൂർത്തിയാക്കിയ ശേഷം അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 2012 ഏപ്രിലിൽ നിർമാണം നിർത്തിവച്ചു. പാലത്തിന് 14.3 കോടി രൂപയുടെ ഭരണാനുമതി ഏഴ് വർഷത്തോളമായി നിലച്ച നിർമ്മാണമാണ് പുനരാരംഭിച്ചത്. കുന്നത്തുനാട് പിറവം നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന് 14.3 കോടി രൂപയുടെ ഭരണാനുമതി എൽ.ഡി.എഫ് സർക്കാർ നല്കി.കുന്നത്തുനാട് പിറവം നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് മൂവാറ്റു പുഴയാറിന് കുറുകെയാണ് പാലം.
പാലംപണി തുടങ്ങിയത് : 2010ൽ
പുനരാരംഭിച്ചത് : 2020ൽ
നീളം : 125 മീറ്റർ
വീതി : 11 മീറ്റർ