കൊച്ചി: സിസ്റ്റർ അഭയയുടെ കൊലപാതകം ഒതുക്കിത്തീർക്കിയതിന് സമാനമായ ഇടപെടലുകളുടെ ഫലമായാണ് ജീസാമോൾ വധക്കേസിലും യഥാർത്ഥ പ്രതി രക്ഷപ്പെടാനും ബലാത്സംഗാനന്തര കൊലപാതകം ആത്മഹത്യയായി വ്യാഖ്യാനിക്കപ്പെടാനും കാരണമെന്ന് സിസ്റ്റർ അഡ്വ. ടീന ജോസ് പറഞ്ഞു.
ജീസമോൾ കൊലപാതകം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകൾ എറണാകുളം ഹൈക്കോടതി ജംഗഷനിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജീസാമോൾ വധക്കേസ് ആക്ഷൻ കൗൺസിൽ ചെയർമാൻ ശ്രീധരൻ തേറമ്പിൽ അദ്ധ്യക്ഷത വഹിച്ച സത്യാഗ്രഹ പരിപാടിയിൽ ജീസമോളുടെ അമ്മ ബിന്നി ദേവസ്യ ആമുഖപ്രഭാഷണം നടത്തി.
ഫെലിക്‌സ് ജെ. പുല്ലൂടൻ, ആദം അയൂബ്, പി.എ. പ്രേംബാബു, അഡ്വ. വർഗീസ് പറമ്പിൽ, ആന്റോ മാങ്കൂട്ടം, ടോമി മാത്യു, മെൽക്കിസ് ബാനു, സുനിൽകുമാർ, പോൾസൺ കറുകുറ്റി, ടി.സി സുബ്രഹ്മണ്യൻ, ഡോ. ശ്രീകുമാരൻ നായർ, ലോനപ്പൻ കോനുപറമ്പിൽ, കെ.ഡി മാർട്ടിൻ, മുഹമ്മദ് സാദിക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മറ്റു ജഡ്‌ജിമാർക്കും മനുഷ്യാവകാശ സംഘടനകളുടെ പേരിൽ പുനരന്വേഷണത്തിന് ഉത്തരവിടാൻ അഭ്യർത്ഥിച്ചു നിവേദനങ്ങൾ നൽകാനും ഭാവിപരിപാടികൾ തീരുമാനിക്കാനും നേതാക്കളുടെ യോഗം 15ന് ചേരാനും തീരുമാനിച്ചു.