കൊച്ചി: എഴുത്തിനു വായന കൂടിയേ തീരൂവെന്ന സ്ഥിതി ജഡ്‌ജിമാർക്കും ബാധകമാണെന്ന് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ പറഞ്ഞു. കോടതി ലൈബ്രറികളിൽ നിയമപുസ്തകങ്ങൾക്കൊപ്പം സാഹിത്യ പുസ്തകങ്ങളും ക്ലാസിക് പുസ്തകങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിച്ച മാടമ്പ് കുഞ്ഞുകുട്ടൻ പുരസ്‌കാരസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാടമ്പ് കുഞ്ഞുകുട്ടൻ പുരസ്‌കാരം കഥാമത്സര വിജയികളായ ഡോ. സി.കെ. ശാലിനി, ശ്യാം കൃഷ്ണൻ, റൂബി ജോർജ്, അമൃത എസ്. നായർ എന്നിവർക്ക് അദ്ദേഹം സമ്മാനിച്ചു. കഥയോരത്ത്, കഥാദർപ്പണം എന്നീ പുസ്തകങ്ങൾ ശ്രീകുമാരി രാമചന്ദ്രന് നൽകി നോവലിസ്റ്റ് പി.എഫ്. മാത്യൂസ് പ്രകാശനം ചെയ്തു. ഇ.എൻ. നന്ദകുമാർ അദ്ധ്യക്ഷനായി. വെണ്ണല മോഹൻ, ജി.കെ. പിള്ള, ബി. പ്രകാശ് ബാബു, ഇ.എം. ഹരിദാസ്, ടി.കെ. പ്രഫുല്ലചന്ദ്രൻ എന്നിവർ സംസാരിച്ചു.