 
ആലുവ: തിരക്കേറിയ എടയപ്പുറം റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗിന് രണ്ട് കോടി അനുവദിച്ചെങ്കിലും യാഥാർത്ഥ്യമാകാൻ വൈകും. കാക്കനാട് കിൻഫ്ര - ഇൻഫോപാർക്ക് കുടിവെള്ള പദ്ധതിക്കായി എടയപ്പുറം റോഡ് വഴി ഭൂഗർഭ പൈപ്പ് സ്ഥാപിക്കാനുള്ള നീക്കമാണ് എടയപ്പുറം റോഡ് ടാറിംഗിന് പാരയായത്. ഇത് സംബന്ധിച്ച് കിൻഫ്ര പാർക്ക് അധികൃതർ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിട്ടുണ്ടെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനിയർ മുഹമ്മദ് ബഷീർ പറഞ്ഞു. തോട്ടുമുഖത്ത് പ്രത്യേകപ്ളാന്റ് സ്ഥാപിച്ച് എടയപ്പുറം, എൻ.എ.ഡി റോഡ് വഴി കിൻഫ്ര പാർക്കിലേക്ക് വെള്ളം എത്തിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികൾ പൂർത്തിയായെന്നും ഉടൻ നിർമ്മാണം ആരംഭിക്കുമെന്നുമാണ് പി.ഡബ്ളിയു.ഡിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ വാട്ടർ അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തർക്കത്തെ തുടർന്ന് കീഴ്മാട് റോഡ് ടാറിംഗ് മുടങ്ങിയതിന് സമാനമായ സാഹചര്യമുണ്ടാകുമോയെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.