മൂവാറ്റുപുഴ: പതിറ്റാണ്ടുകൾക്ക് ശേഷം യു.ഡി.എഫ് ഭരണത്തിലേറിയ മൂവാറ്റുപുഴ നഗരസഭയിലെ ഭരണ നേതൃത്വത്തിനെതിരെ വിമർശനവുമായി ഭരണകക്ഷിയംഗങ്ങൾ . നഗരസഭ ഭരണം വിലയിരുത്താനായി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വിളിച്ചു ചേർത്ത കൗൺസിലർമാരുടെ യോഗത്തിലാണ് ഭരണത്തിനെതിരെ ഇവർ രംഗത്തുവന്നത്. നഗരസഭാ ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ചിലർ മുന്നറിയിപ്പ് നൽകിയതായാണ് സൂചന. എന്നാൽ ഒരു വിഭാഗം കൗൺസിലർമാർ ഭരണത്തിൽ തൃപ്തി രേഖപ്പെടുത്തി. ചിലകോണുകളിൽ നിന്നുള്ള ശക്തമായ സമ്മർദ്ദത്തെ തുടർന്ന് രണ്ട് തവണ കൗൺസിലറായ വനിതയെ ഒഴിവാക്കി ഇത്തവണ ആദ്യമായി വിജയിച്ചെത്തിയയാളെ വൈസ് ചെയർപേഴ്സൺ ആക്കിയതിനെതിരെയും വിമർശനമുണ്ടായി. ആദ്യം തന്നെ വിമർശനമുയർന്ന വിഷയമായിരുന്നങ്കിലും നേതൃത്വം ഇടപെട്ട് ഇത് ഒതുക്കിയിരുന്നു.
അടുത്ത ദിവസങ്ങളിൽ യു.ഡി.എഫിലെ മറ്റു ഘടകകക്ഷി കൗൺസിലർമാരിൽ നിന്നും വിവരങ്ങൾ തേടിയശേഷം തുടർ നടപടികൾ ഉണ്ടായേക്കും. ബ്ലോക്ക് പ്രസിഡന്റിനു പുറമെ യു .ഡി .എഫ് ടൗൺ മണ്ഡലം ചെയർമാൻ, രണ്ട് മണ്ഡലം പ്രസിഡന്റുമാർ എന്നിവരും യോഗത്തിലുണ്ടായിരുന്നു. ഇതിനിടെ വിഷയം ചർച്ച ചെയ്യാൻ യു.ഡി. എഫ് നേതൃയോഗം ചേരും.