gurder
വഴിമുടക്കി തുരുത്ത് റെയിൽവേ നടപ്പാല പ്രവേശന വീഥിയിൽ തുരുമ്പെടുത്ത ഇരുമ്പ് ഗർഡറുകൾ കാട് കയറിയ നിലയിൽ

ആലുവ: ആലുവ തുരുത്ത് റെയിൽവേ നടപ്പാലത്തിന്റെ പുനരുദ്ധാരണ പണികൾ മുൻ നിശ്ചയപ്രകാരം ഡിസംബർ ഒമ്പതിന് പൂർത്തിയാകാനിരിക്കെ നടപ്പാലത്തിന്റെ പ്രവേശന ഭാഗത്ത് (ആലുവ ടൗൺ ഹാളിന് പിറകുവശം) വർഷങ്ങളായി കാൽനടയാത്ര തടസപ്പെടുത്തി സൂക്ഷിച്ചിട്ടുള്ള ഇരുമ്പു ഗർഡറുകൾ ഇഴജന്തുക്കളുടെ കേന്ദ്രമായി.

ഗർഡറുകളും വള്ളിപ്പടർപ്പുകളുമെല്ലാം യാത്രക്കാരുടെ സുരക്ഷിത യാത്രയ്ക്ക് തടസമാണ്. ഇരുവശവും കാടുമൂടിയ ഇടുങ്ങിയ വഴി മാത്രമേ യാത്രക്കാർക്ക് നടക്കാനായിട്ടുള്ളൂ. ഗർഡറുകൾ നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ കേട്ടമട്ടില്ല. തുരുമ്പെടുത്ത ഗർഡറുകൾക്ക് മുകളിലും താഴെയും വള്ളിപ്പടർപ്പുകൾ കാടുപിടിച്ച് കിടക്കുകയാണ്.

കൂടാതെ 12 അടിയോളം ഉയരത്തിൽ അട്ടിയിട്ടിരിക്കുന്ന ഗർഡറിന് സമീപം തെരുവുവിളക്കിന്റെ വെളിച്ചവും കിട്ടുകയില്ല. സന്ധ്യ മയങ്ങിയാൽ കൂരിരുട്ടിലൂടെ വേണം ജോലിക്കാരായ സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് സഞ്ചരിക്കാൻ. രാത്രികാലങ്ങളിൽ മോഷ്ടാക്കളും സാമൂഹ്യ വിരുദ്ധരും ഇവിടം താവളമാക്കുന്നുമുണ്ട്.

റെയിൽവേ നടപ്പാലം അറ്റകുറ്റപ്പണികൾ കഴിഞ്ഞ് തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നടപ്പാലത്തിന്റെ പ്രവേശന പാതയിൽ ജനങ്ങളുടെ സ്വൈരസഞ്ചാരം തടഞ്ഞ് അട്ടിയിട്ടിരിക്കുന്ന ഗർഡറുകൾ അടിയന്തരമായി റെയിൽവേ ഗുഡ്‌ഷെഡിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് നീക്കി ജനങ്ങളുടെ സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് തുരുത്ത് സമന്വയ ഗ്രാമവേദി ബെന്നി ബെഹന്നാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവർക്ക് നിവേദനം നൽകി.