 
മൂവാറ്റുപുഴ: സാമൂഹ്യസത്യങ്ങൾ തുറന്നു പറയാൻ മടിയില്ലാത്ത നേതാവാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. എസ്.എൻ.ഡി.പി മൂവാറ്റുപുഴ യൂണിയന്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഇൗഴവ സമുദായത്തെ സംഘടനകൊണ്ട് ശക്തിമത്താക്കാൻ കഴിഞ്ഞ കാൽനൂറ്റാണ്ടായി വിശ്രമമില്ലാതെ യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് പ്രവർത്തിക്കുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ വി.കെ. നാരായണൻ പറഞ്ഞു. യൂണിയൻ സെക്രട്ടറി ഇൻചാർജ്ജ് അഡ്വ. എ.കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ.എൻ.രമേശ്, പ്രമോദ് കെ.തമ്പാൻ, വാർഡ് കൗൺസിലർ ജിനു മടേക്കൽ, യൂണിയൻ മുൻ സെക്രട്ടറി ഗോപി അമ്പലത്തിങ്കൽ എന്നിവർ സംസാരിച്ചു. തുടർന്ന് ഡോക്യുമെന്ററി പ്രദർശനം, വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ധന്യസാരഥ്യത്തിന്റെ രജതജൂബിലി ഉദ്ഘാടന സമ്മേളനത്തിന്റെ തത്സമയ പ്രദർശനം എന്നിവയും നടന്നു.