sindhu
സിന്ധു

യുവാവിനെ ചോദ്യം ചെയ്യുന്നു

വൈപ്പിൻ: ദൂരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ വീട്ടമ്മ ആശുപത്രിൽ മരിച്ചു. നായരമ്പലം ഭഗവതി ക്ഷേത്രത്തിന് കിഴക്ക് തെറ്റയിൽ പരേതനായ സാജുവിന്റെ ഭാര്യ സിന്ധു (42) ആണ് മരിച്ചത്. ഗുരുതമായി പൊള്ളലേറ്റ മകൻ അതുൽ (17) ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ ആറിന് വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ബന്ധുക്കളും നാട്ടുകാരും വാതിൽ ചവിട്ടിപ്പൊളിച്ച് ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. 'ദിലീപാണ് ഇതിന് പിന്നിൽ' എന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി യുവതി പറഞ്ഞത് ഫോണിൽ റെക്കാർഡ് ചെയ്ത് ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഞാറയ്ക്കൽ സ്വദേശി ദിലീപ് ശല്യം ചെയ്യുന്നുവെന്നാരോപിച്ച് മൂന്ന് ദിവസം മുമ്പ് വീട്ടമ്മ ഞാറക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളാണോ സംഭവത്തിന് പിന്നിൽ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ശബ്ദ സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ സംഭവം കൊലപാതകം ആണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഞാറക്കൽ സി.ഐ രാജൻ കെ. അരമന, എസ്.ഐ എ.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ആലുവയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തീ കൊളുത്താനുപയോഗിച്ച തീപ്പെട്ടി മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

എറണാകുളം ലൂർദ്ദ് ആശുപത്രിയിലെ ജീവനക്കാരിയാണ് സിന്ധു. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ആരോപണവിധേയനായ ദിലീപ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.