കൊച്ചി: മോഡലുകളും സുഹൃത്തും മരിച്ച ദുരൂഹ കാറപകടക്കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചന് ഡി.ജെ പാ‌ർട്ടികളിൽ വിതരണം ചെയ്യാൻ വൻതോതിൽ മയക്കുമരുന്ന് എത്തിയിരുന്നത് ബംഗളൂരുവിൽ നിന്നാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു.

മയക്കുമരുന്ന് കൈമാറിയവരെക്കുറിച്ച് സൈജു വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് കേരളത്തിന് പുറത്തുള്ള ഏതാനും നമ്പറുകൾ കണ്ടെത്തിയിട്ടുണ്ട്. ലഹരി പാ‌ർട്ടികൾക്ക് ദിവസങ്ങൾക്ക് മുമ്പ് ഈ നമ്പറുകളിലേക്ക് വിളികൾ പോയിട്ടുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യും. സൈജുവിനെതിരെ ആറ് സ്റ്റേഷനുകളിൽ രജിസ്റ്റ‌ർ ചെയ്ത ഒമ്പത് കേസുകളിൽ വിശദമായ അന്വേഷണം ആരംഭിച്ചു. സൈജുവുമായി ബന്ധപ്പെട്ടവരെ ചങ്ങലപോലെ കോ‌ർത്തിണക്കുകയാണ് ലക്ഷ്യം. സൈജു സംഘടിപ്പിച്ച ലഹരിപാ‌ർട്ടികളിൽ പങ്കെടുത്തവരെ കണ്ടെത്താനാൻ അന്വേഷണം ഊ‌ർജിതമാക്കിയിട്ടുണ്ട്. ഏഴ് യുവതികളടക്കം 17 പേ‌ർക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിട്ടുണ്ട്. ഇതിൽ 14 പേർ ഒളിവിലാണ്. തൃക്കാക്കര, ഇൻഫോപാർക്ക്, ഫോർട്ട്കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത്, ഇടുക്കി ആനച്ചാൽ സ്റ്റേഷനുകളിലായാണ് 17 കേസുകൾ.

സൈജുവിന്റെ ഫ്ലാറ്റുകൾ ശൂന്യം
സൈജുവിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ, ലഹരിമരുന്ന് പാർട്ടി നടന്ന കൊച്ചിയിലെ ഫ്ളാറ്റുകളിൽ പൊലീസും നാർക്കോട്ടിക് സെല്ലും സംയുക്ത പരിശോധന നടത്തി. സൗത്ത്, മരട്, ചെമ്പുമുക്ക്, പനങ്ങാട് എന്നിവിടങ്ങളിലെ ഫ്ലാറ്റുകളിലാണ് ഡോഗ് സ്‌ക്വാഡുമായി പരിശോധന നടത്തിയത്. സൈജുവിന്റെ മൊഴിയിൽ പറയുന്ന ഫ്ലാറ്റുകൾ അരിച്ച് പെറുക്കിയെങ്കിലും ലഹരിമരുന്നോ മറ്റോ കണ്ടെത്താനായില്ല. സൈജു അറസ്റ്റിലായതിന് പിന്നാലെ ഇവിടെ നിന്ന് സാധാനങ്ങൾ നീക്കിയിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. ഇവിടെ വന്നുപോയവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.