കുമ്പളങ്ങി: കുമ്പളങ്ങി പടന്നക്കരി പാടശേഖരത്തിലെ സ്ലൂയിസിന്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. എം.എൽ.എ. കെ. ജെ. മാക്‌സി അദ്ധ്യക്ഷനായി. ജലസേചന വകുപ്പ് പ്രസ്തുത സ്ലൂയിസിനായി 96 ലക്ഷം രൂപയാണ് വകയിരിത്തിയിരിക്കുന്നത്.
കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പൊക്കാളി പാടങ്ങളാൽ സമ്പന്നമാണെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം ഒരു നെല്ല്ഒരു മീൻ എന്ന പരമ്പരാഗത ആവർത്തന കൃഷി സമ്പ്രദായം നടപ്പിലാക്കുവാൻ കർഷകർക്ക് സാധിക്കുന്നില്ല. കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ 12, 14 വാർഡുകളിൽ ഉൾപ്പെട്ട ഏകദേശം 70 ഹെക്ടർ വിസ്തൃതിയുള്ള പടന്നക്കരി പാടശേഖരത്തിൽ കായലിൽനിന്നുള്ള ഉപ്പുവെള്ളം പ്രതിരോധിക്കുവാനുള്ള സ്ലൂയിസിന്റെ അഭാവത്തിൽ വർഷങ്ങളായി പൊക്കാളി കൃഷി നടത്തുവാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. കൂടാതെ ഉപ്പുവെള്ളം നിരന്തരം കയറി ഈ പ്രദേശത്തെ വീടുകൾക്ക് ബലക്ഷയവും സംഭവിക്കുന്നു. ഈ അവസ്ഥയ്ക്കു പരിഹാരമായി പടന്നക്കരി പാടശേഖരത്തിലെ പടന്നക്കരിതോട്, കായലിലേക്ക് ചേരുന്ന ഭാഗത്ത് മെക്കാനിക്കൽ ഷട്ടറോടുകൂടിയ സ്ലൂയിസിന് പ്രദേശവാസികളുടെ ഭാഗത്തുനിന്നും ആവശ്യമുയരുകയും അതുപരിഗണിച്ച് ജലസേചന വകുപ്പിന്റെ 2020-21 പ്ലാൻ ഫണ്ടിൽ എസ്റ്റിമേറ്റ് സമർപ്പിച്ച് 96 ലക്ഷം രൂപയ്ക്ക് പദ്ധതി അംഗീകാരം ലഭിക്കുകയും ചെയ്തു. ഈ പ്രവർത്തി യാഥാർത്ഥ്യമാകുന്നതോടെ പടന്നക്കരി പാടശേഖരത്തിന്റെ മുഴുവൻ വിസ്തൃതിയിലും പൊക്കാളി കൃഷി തിരിച്ചുകൊണ്ടുവരാനാകും. സ്ലൂയിസിന് 2.8 മീറ്റർ വീതിയും 4 മീറ്റർ പൊക്കവുമുള്ള വെന്റ് വേ ആണ് ഉദ്ദേശിച്ചിട്ടുള്ളത്. വേലിയേറ്റ സമയത്തും വള്ളങ്ങൾക്ക് അനായാസം കടന്നുപോകാവുന്ന വിധത്തിലാണ് സ്ലൂയിസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സിവിൽ പ്രവർത്തികൾക്കായി.എം.പി.സലിം എന്നയാളുമായി കരാറിലേർപ്പെട്ട് പ്രവൃത്തിസ്ഥലം കൈമാറിയിട്ടുണ്ട്. ജലസേചനവകുപ്പിന്റെ മെക്കാനിക്കൽ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് മെക്കാനിക്കൽ ഷട്ടറിന്റെ പ്രവർത്തികൾ നടപ്പിലാക്കുവാൻ ഉദ്ദേശിച്ചിട്ടുള്ളത്. 10 മാസകാലയളവിൽ പ്രവർത്തി പൂർത്തീകരിക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പടന്നക്കരി പ്രദേശത്തെ ഉപ്പുവെള്ള വ്യാപനം മൂലമുള്ള ഒട്ടേറെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ യശോദ ദേവി, ബേബി തമ്പി, ലീജ തോമസ്, ജോബി പനക്കൽ, നിത സുനിൽ, ജാസ്മിൻ രാജേഷ്, എം എം ഫ്രാൻസിസ്, ബാബു ജോസഫ്, സജീവ് ആന്റണി, അഡ്വ മേരി ഹർഷ, ബാജി ചന്ദ്രൻ, ധന്യ എന്നിവർ സംസാരിച്ചു.