പിറവം: പാമ്പാക്കുട പഞ്ചായത്തിലെ അരുവിക്കൽ വെള്ളച്ചാട്ടത്തിന് ഭീഷണിയുയർത്തിയിരിക്കുകയാണ് തിരുമാറാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ മണ്ഡലം മല കേന്ദ്രീകരിച്ചുകൊണ്ട് ആരംഭിക്കാൻ പോകുന്ന പാറമട.
ഈ പാറമട തുടങ്ങുന്നതിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി നാളുകളായി സമരരംഗത്തുണ്ട്. കഴിഞ്ഞദിവസം വെട്ടിമൂട് പഞ്ചായത്ത് ഹാളിൽ ചേർന്ന വിശേഷാൽ ഗ്രാമസഭ പാറമടയ്ക്ക് സർക്കാർ അംഗീകാരം നൽകരുതെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാഷ്ട്രീയ ഭേദമില്ലാതെ മുഴുവൻ അംഗങ്ങളും പ്രമേയത്തെ പിന്താങ്ങി. തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധരകൈമൾ അദ്ധ്യക്ഷത വഹിച്ച ഗ്രാമസഭയിൽ ജില്ലാ പഞ്ചായത്തംഗം ആശ സനിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം ജോർജ്, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലളിത വിജയൻ, വാർഡ് മെമ്പർ അനിത ബേബി മറ്റ് മെമ്പർമാർ, സെക്രട്ടറി പി.ആർ. മോഹൻകുമാർ, ഗ്രാമസഭ കോ ഓർഡിനേറ്റർ റെജി ജോസഫ് എന്നിവർ നേതൃത്വം നൽകി. അനീഷ് മർക്കോസ് പുൽപ്പാറയിലാണ് പ്രമേയം അവതരിപ്പിച്ചത്. പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. ഇന്ന് ചേരുന്ന പഞ്ചായത്ത് കമ്മിറ്റി ഈ വിഷയം ചർച്ച ചെയ്യും.