വൈപ്പിൻ: വൈപ്പിൻ ഫോക്ക്‌ലോർ ഫെസ്റ്റ് 2021 ന്റെ ഭാഗമായി നടക്കുന്ന ഘോഷയാത്രയിലെ വിജയികൾക്ക് അഡ്വ. എം.വി.പോൾ മെമ്മോറിയൽ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തി. പരേതനായ കോൺഗ്രസ് നേതാവ് അഡ്വ. എം. വി. പോളിന്റെ സ്മരണാർത്ഥം സഹോദരൻ ഐ.എസ്.എസ്.ഡി സി. ഇ.ഒ എം.വി.തോമസാണ് കാഷ് പ്രൈസുകളും ഫലകങ്ങളും ഉൾപ്പെടെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയതെന്ന് വി.എഫ്.എഫ് ചെയർമാൻ കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ. അറിയിച്ചു.
കേരളത്തിന്റെ തനത് പൈതൃക, നാടൻ കലാരൂപങ്ങൾ വാഹനങ്ങളിൽ അണിനിരത്തുന്ന ഘോഷയാത്രയിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്നവർക്ക് ഒരുലക്ഷം, രണ്ടാമതെത്തുന്നവർക്ക് 50,000, മൂന്നാമതെത്തുന്നവർക്ക് 25,000 രൂപ വീതമാണ് സമ്മാനം. ഈ മാസം 27ന് നടക്കുന്ന മത്സരാധിഷ്ഠിത ഫോക്ക്‌ലോർ ഘോഷയാത്ര ഉച്ചയ്ക്ക് 2.30ന് ഗോശ്രീ ജംഗ്ഷനിൽ വ്യവസായ മന്ത്രി പി. രാജീവ് ഫ്‌ളാഗ് ഓഫ് ചെയ്യും.