photo
വൈപ്പിൻ കരയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വൈപ്പിൻ മണ്ഡലത്തിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെകേന്ദ്ര സംഘടനയായ ഫ്രാഗ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്കുന്നു

വൈപ്പിൻ: വൈപ്പിൻ കരയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വൈപ്പിൻ മണ്ഡലത്തിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാഗ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. ഹഡ്‌കോ പദ്ധതിയിൽ നിന്നും ചൊവ്വര പദ്ധതിയിൽ നിന്നും ലഭിക്കേണ്ടതിന്റെ പകുതിയിൽ താഴെ മാത്രം വെള്ളമാണ് ഇപ്പോൾ ലഭിക്കുന്നത്. കൂടുതൽ വെള്ളം ലഭിക്കുന്നതിനാവശ്യമായ നടപടി ഉടൻ സ്വീകരിക്കണമെന്നും ശാശ്വത പ്രശ്‌ന പരിഹാരത്തിന് വൈപ്പിൻ കരയ്ക്ക് മാത്രമായി വാട്ടർ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വാട്ടർ അതോറിട്ടി എം.ഡിയോട് അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. ഫ്രാഗ് പ്രസിഡന്റ് വി. പി. സാബു, ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, സെക്രട്ടറി ഡി. രാമകൃഷ്ണപിള്ള, കെ.കെ.രഘുരാജ് എന്നിവരാണ് നിവേദന സംഘത്തിൽ ഉണ്ടായിരുന്നത്. കേരളകോൺഗ്രസ് വൈപ്പിൻ നിയോജക മണ്ഡലം പ്രസിഡന്റ് സാജു മേനാച്ചേരി, ജോർജ് പുളിമുട്ടിൽ, ജോസി. പി.തോമസ്, എം.എഫ്. പ്രസാദ് ,ടോമി ജോർജ് എന്നിവരും സന്നിഹിതരായി.