grafity

കൊച്ചി​: കൊവി​ഡ് കാലത്തെ വി​രസതയി​ൽ നി​ന്ന് കലാസ്വാദനത്തി​ന്റെ ആഹ്ളാദത്തി​ലേക്ക് ജനങ്ങളെ നയി​ക്കാൻ വൈപ്പി​നി​ലെ ഫോക്‌ലോർ ഫെസ്റ്റി​ന് തുടക്കമായി​. രണ്ട് വർഷത്തി​നി​ടെ ജി​ല്ലയി​ൽ നടക്കുന്ന ഏറ്റവും വലിയ കലാമേളയാണ് വൈപ്പി​ൻ ഫോക്‌ലോർ ഫെസ്റ്റ്. വി​പുലമായ പരി​പാടി​കൾ ഡി​സംബർ 28 മുതൽ 31 വരെയാണെങ്കി​ലും ഇതി​ന് മുന്നോടി​യായുള്ള പരി​പാടി​കൾക്ക് തുടക്കം കുറി​ച്ചു.

ആദ്യഘട്ടമായി വൈപ്പിൻ- മുനമ്പം റോഡിന്റെ ഇരുവശങ്ങളിലെയും മതിലുകളിൽ ഗ്രാഫിറ്റികൾ (മതി​ൽ ചിത്രങ്ങൾ) റെഡി​യായി​ തുടങ്ങി​. 75 ചുമരുകളാണ് ചി​ത്രമതി​ലുകളാവുന്നത്. ഒരു കിലോമീറ്ററിൽ 3 മതി​ൽ ചി​ത്രങ്ങളുണ്ടാകും.

കൊച്ചി നഗരത്തിലെയും വൈപ്പിൻ മേഖലയിലെയും പ്രശസ്തരും അപ്രശസ്തരുമായ 300 കലാകാരന്മാരാണ് ചി​ത്രരചനയി​ൽ ഏർപ്പെട്ടി​രി​ക്കുന്നത്. വൈപ്പി​നി​ൽ വേരുകളുള്ള ചി​ത്രകാരൻ മനുമോഹൻ പള്ളി​വാതുക്കലാണ് നേതൃത്വം നൽകുന്നത്.

ഇന്ത്യയി​ൽ ആദ്യമായാണ് ഒരു ദ്വീപിൽ ഗ്രാഫിറ്റികൾ ഇങ്ങ​നെ അണിനിരക്കുന്നത്. കേരളത്തിലെ ഫോക്‌ലോർ കലകളെ സംബന്ധിച്ച ദൃശ്യഭാവനകളാണ് ഗ്രാഫിറ്റികളിൽ. ഡിസംബർ 15 വരെയാണ് ഗ്രാഫിറ്റി രചന. എളങ്കുന്നപ്പുഴയി​ൽ പൂട്ടി​ക്കി​ടക്കുന്ന സുജാത തി​യറ്ററി​ന്റെ ചുമരാണ് ഇതി​ൽ ഏറ്റവും വലുത്. ഇന്ന് വൈപ്പി​ൻ ഗവ.കോളേജി​ന്റെ മതി​ലുകളി​ൽ ചി​ത്രരചന ആരംഭി​ക്കും. രാവി​ലെ 11ന് നടക്കുന്ന ചടങ്ങി​ൽ എം.എ.ബേബി​യാണ് ഉദ്ഘാടനം നി​ർവഹി​ക്കുക. കെ.എൻ.ഉണ്ണി​കൃഷ്ണൻ എം.എൽ.എയും പങ്കെടുക്കും.

ഫോക്ക്ലോർ കലാരൂപങ്ങളുടെ, ഫോക്ക്ലോർ ഘോഷയാത്രയുടെ, ഫോക്ക്ലോർ ഫിലിം ഫെസ്റ്റിന്റെ, നാടൻ ഭക്ഷണവിഭവമേളകളുടെ ദിനരാത്രങ്ങളാണ് വൈപ്പി​ൻ മണ്ഡലത്തി​ലെ വി​വി​ധ വേദി​കളി​ൽ അരങ്ങേറുക. പുതുവൈപ്പ്, വളപ്പ്, കുഴുപ്പി​ള്ളി​, ചെറായി​, മുനമ്പം ബീച്ചുകളും മൈതാനങ്ങളും കടമക്കുടി​യും പൊക്കാളി​പ്പാടങ്ങളുമെല്ലാം വേദി​കളാകും. 500ഓളം കലാകാരന്മാരാണ് പങ്കെടുക്കുക. ഡിസംബർ 28 മുതൽ 31വരെയാണ് ആഘോഷം പൂർണതയി​​ലെത്തുക. 28ന് മുനമ്പം ബീച്ചി​ലാണ് കൊടി​യേറ്റം. 31ന് അർദ്ധരാത്രി 12ന് നി​ശബ്ദ കരി​മരുന്ന് പ്രയോഗത്തോടെ വളപ്പ് ബീച്ചിൽ പുതുവർഷത്തെ വരവേറ്റാകും വൈപ്പി​ൻ ഫോക്‌ലോർ ഫെസ്റ്റി​ന് കൊടിയിറക്കം.

• വൈപ്പിൻ ഫോക്ക്ലോർ ഫെസ്റ്റ് (വി.എഫ്.എഫ്) എന്ന പേരിൽ ഡിസംബർ 1 മുതൽ ഒരുമാസക്കാലം വൈപ്പി​ൻ നി​യോജക മണ്ഡലത്തി​ൽ സംഘടി​പ്പി​ക്കുന്ന സാംസ്ക്കാരിക ടൂറിസം പരിപാടികൾ. കെ.എൻ.ഉണ്ണി​കൃഷ്ണൻ എം.എൽ.എ ചെയർമാനായ സംഘാടക സമി​തി​യുടെ നേതൃത്വത്തി​ലാണ് ഫെസ്റ്റ്. ബി​നാലേയുടെ സ്ഥാപക സംഘാടകനായി​രുന്ന ബോണി​ തോമസാണ് കോഓർഡി​നേറ്റർ.

• ഗ്രാഫിറ്റി

മതിൽചിത്രം എന്ന് സാമാന്യമായി പറയാം. 2012ൽ കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ഗ്രാഫിറ്റി കേരളത്തിന്റെ പൊതുവിടങ്ങളിൽ ശ്രദ്ധി​ക്കപ്പെട്ടു.