varapuzha-money-lost
കളഞ്ഞു കിട്ടിയ പണം സാജു ജോസഫ് ഉടമ വർഗീസിനു കൈമാറുന്നു

വരാപ്പുഴ: പള്ളിയിൽ നിന്ന് മടങ്ങുംവഴി റോഡിൽ ചിതറിക്കിടക്കുന്ന നോട്ടുകൾ കണ്ടപ്പോഴും വരാപ്പുഴ പുത്തൻപള്ളി കാവളംതറ സാജു ജോസഫിന്റെ മനസിൽ ആദ്യം തെളിഞ്ഞത് അന്യന്റെ മുതൽ ആഗ്രഹിക്കരുതെന്ന വേദവാക്യമാണ്. കളഞ്ഞു കിട്ടിയ 25,300 രൂപ ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ചതോടെ ആ വചനം സത്യമായി. കുടുംബത്തോടൊപ്പം പള്ളിയിൽ പോയി മടങ്ങും വഴിയാണ് പുത്തൻ പള്ളി കപ്പേളയ്ക്ക് സമീപം റോഡിൽ ചിതറിക്കിടക്കുന്ന നോട്ടുകൾ സാജു കണ്ടത്. അടുത്ത കടകളിൽ തിരക്കിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് വരാപ്പുഴ പോലീസിൽ പണം ഏൽപിച്ചു. എ.എസ്.ഐ സുരേഷിന്റെ നേതൃത്വത്തിൽ ജനമൈത്രിയുടെ സാമൂഹിക മാദ്ധ്യമ കൂട്ടായ്മകൾ വഴി പണത്തെ കുറിച്ചുള്ള വിവരം കൈമാറി. ഇതിൽ നിന്ന് വിവരമറിഞ്ഞ ആലങ്ങാട് നെൽക്കര വർഗീസ് സ്റ്റേഷനിലെത്തി. പച്ചക്കറി കച്ചവടക്കാരനായ വർഗീസ് ചരക്കെടുക്കാൻ വരാപ്പുഴ വന്നപ്പോഴാണ് പണം നഷ്ടപ്പെട്ടത്. എ.എസ്.ഐ ബനഡിക്ടിന്റെ സാന്നിദ്ധ്യത്തിൽ സാജു പണം വർഗീസിനു കൈമാറി.