vm-sudheeran
ആത്മഹത്യ ചെയ്ത എടയപ്പുറം കക്കാട്ടിൽ മോഫിയ പർവീന്റെ മാതാപിതാക്കളെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ സന്ദർശിച്ചപ്പോൾ

ആലുവ: കേരള പൊലീസിൽ ക്രിമിനലുകൾ വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും സർക്കാരിന്റെ മനോഭാവമാണ് ഇതിന് കാരണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആരോപിച്ചു. ഭർതൃപീഡനത്തെത്തുടർന്നും പൊലീസ് സ്റ്റേഷനിലെ അപമാനം സഹിക്കാനാകാതെയും ആത്മഹത്യചെയ്ത എടയപ്പുറം കക്കാട്ടിൽ മോഫിയ പർവീന്റെ മാതാപാതിക്കളെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നത് അവരെ സംരക്ഷിക്കുന്നതിന് തുല്യമാണ്.

ദിവസങ്ങൾക്കകം ഇതേപൊലീസ് പ്രതിപക്ഷനേതാവിന്റെ സ്റ്റാഫംഗത്തെ മർദ്ദിച്ചത് അത്ഭുതപ്പെടുത്തുന്നു. കുറ്റംചെയ്താൽ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെങ്കിൽ കുറ്റകൃത്യങ്ങൾ കുറയും. സംരക്ഷിക്കപ്പെടുമെന്നാണെങ്കിൽ കുറ്റവാളികൾ വർദ്ധിക്കും. കുറ്റവാളികളെ കൈയോടെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം. ആലുവ സംഭവത്തിൽ ആരോപണവിധേയനായ സി.ഐയെ സർവീസിൽനിന്ന് നീക്കംചെയ്ത് കേസെടുക്കണം. ഇക്കാര്യത്തിൽ സർക്കാർ ഇനിയും കാലതാമസം വരുത്തരുതെന്നും വി.എം. സുധീരൻ പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൺ ജെബി മേത്തർ, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് തോപ്പിൽ അബു, വൈസ് പ്രസിഡന്റ് പി.എ. മുജീബ്, ഐ.കെ. രാജു എന്നിവരും കൂടെയുണ്ടായിരുന്നു.