കൊച്ചി: ഗാന്ധിനഗർ(63) ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന്. കൊച്ചി കോർപ്പറേഷനിലെ ആദ്യ ഉപതിരഞ്ഞെടുപ്പാണ് ഇത്. കൗൺസിലറായ കെ.കെ.ശിവന്റെ മരണത്തെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി. മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി.മാർട്ടനിൻ ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എ സ്ഥാനാർത്ഥി പി.ജി.മനോജ്‌കുമാർ. നിയമസഭ തിരഞ്ഞെടുപ്പിനോട് കിട പിടിക്കുന്ന വിധത്തിലുള്ള പ്രചാരണമാണ് ഡിവിഷനിൽ അരങ്ങേറിയത്. ഇന്നലെ നിശബ്ദ പ്രചാരണമായിരുന്നു. സ്ഥാനാർത്ഥികൾ വോട്ടുറപ്പിക്കുന്നതിനായി അവസാനവട്ട ഓട്ടത്തിലായിരുന്നു.
എല്ലാ പാർട്ടികളടെയും മുതിർന്ന നേതാക്കൾ ഇവിടെ പ്രചാരണത്തിനെത്തി. എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം മത്സരം നിർണ്ണായകമാണ്. ഭരണത്തിന്റെ വിലയിരുത്തലാണെന്നു മാത്രമല്ല കൗൺസിലിൽ യു.ഡി.എഫ് വെല്ലുവിളി പ്രതിരോധിക്കാനും ജയം ഉറപ്പിച്ചേ മതിയാവൂ. ബി.ജെ.പി കൗൺസിലർ മിനി.ആർ.മേനോന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സൗത്ത് ഡിവിഷനിലും ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്.
പ്രതീക്ഷയോടെ യു.ഡി.എഫ്
ഹൈബി ഈഡൻ എം.പി, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ടി.ജെ.വിനോദ് എം.എൽ.എ തുടങ്ങിയവർ പി.ഡി.മാർട്ടിന് വേണ്ടി രംഗത്തിറങ്ങി. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രമായ ഈ ഡിവിഷനിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.കെ.ശിവന്റെ ഭൂരിപക്ഷം 115 വോട്ടായി കുറയ്ക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് മുന്നോട്ടു നീങ്ങുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പു തന്നെ മാർട്ടിൻ മണ്ഡലത്തിൽ സജീവമായിരുന്നു. ഇക്കാര്യങ്ങളെല്ലാം വോട്ടിംഗിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് .
വികസനം ഉയർത്തിക്കാട്ടി
എൽ.ഡി.എഫ്
വെള്ളക്കെട്ട് ഇല്ലാതാക്കി, റേ ഭവനപദ്ധതിയിലെ പുരോഗതി, പത്തു രൂപ ഉൗണിന്റെ വിജയം, ഇ ഗവേണൻസിന് പുതുജീവൻ, കോർപ്പറേഷൻ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം പുനരാരംഭിച്ചു എന്നിങ്ങനെ കഴിഞ്ഞ 11 മാസത്തിനിടെ കൈവരിക്കാനായ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് എൽ.ഡി.എഫ് വോട്ടു ചോദിക്കുന്നത്. എം.എൽ.എമാരായ കെ.ജെ.മാക്സി, ആന്റണിജോൺ, കെ.എൻ.ഉണ്ണിക്കൃഷ്ണൻ എന്നിവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. . മേയർ എം.അനിൽകുമാർ വോട്ട് ചോദിച്ച് വീടുകൾ കയറിയിറങ്ങി. ഡിവിഷൻ നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്.
നിലവിലെ കക്ഷി നില
ആകെ ഡിവിഷനുകൾ: 74
ഒഴിവുള്ളത്: 2 സീറ്റുകൾ
എൽ.ഡി.എഫ് : 36 ( സ്വതന്ത്രർ 5 )
യു.ഡി.എഫ് : 32 ( ഒരു വിമതൻ )
ബി.ജെ.പി :4