surgery

കോലഞ്ചേരി: അറ്റുപോയ കൈപ്പത്തി തുന്നിചേർത്ത അന്യസംസ്ഥാന തൊഴിലാളിക്ക് മലയാളമണ്ണിൽ പുനർജന്മം. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഇടതു കൈപ്പത്തിയുടെ പകുതിഭാഗത്തോളം പൂർണമായും അ​റ്റുപോയ നിലയിൽ എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ പ്ലാസ്​റ്റിക് ആൻഡ് മൈക്രോവാസ്‌കുലാർ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. വാളകത്തെ കെ.എം ടിമ്പേഴ്സ് ആൻഡ് സോമില്ലിലെ തൊഴിലാളിയായിരുന്ന അസാം സ്വദേശിയായ ഉച്ചമാൻ അലി (31) എന്ന അന്യ സംസ്ഥാന തൊഴിലാളിക്കാണ് ജോലിക്കിടെ അപകടം സംഭവിച്ചത്. യന്ത്രത്തിൽ കുരുങ്ങി ഇടതു കൈപ്പത്തിയുടെ തള്ളവിരലും ചൂണ്ടുവിരലും ഉൾപെട്ട ഭാഗം പൂർണമായും മുറിഞ്ഞു പോയ നിലയിലായിരുന്നു. വേർപെട്ട ഭാഗവുമായി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിയെ വിശദ പരിശോധനകൾക്കുശേഷം അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയായിരുന്നു. എട്ടു മണിക്കൂർ നീണ്ട അതിസങ്കീർണമായ ശസ്ത്രക്രിയക്കൊടുവിലാണ് അ​റ്റുപോയ ഭാഗം വിജയകരമായി തുന്നിച്ചേർത്തത്. ഒരു വർഷം മുമ്പാണ് ഉച്ചമാൻ ഇവിടെ ജോലിക്കെത്തിയത്. ചികിത്സാച്ചെലവ് പൂർണമായും സ്ഥാപന ഉടമയാണ് വഹിച്ചത്. ചികിത്സയ്ക്ക് ശേഷമുള്ള പരിചരണവും ഇവർ ഏറ്റെടുത്തതോടെയാണ് ഉച്ചമാന്റെ പുനർജന്മം സഫലമായത്. ചികിത്സയ്ക്ക് പ്ലാസ്​റ്റിക് സർജറി വിഭാഗത്തിലെ ഡോക്ടർമാരായ എം. രാഹുൽ, എസ്. അനൂപ്, എം.എസ്. സാന്റോ,​ അഞ്ചു സാറാ ബാബു, ജിത്തു പോൾ, ഓർത്തോപീഡിക്‌സ് വിഭാഗത്തിലെ ഡോക്ടർമാരായ ലിബിൻ തോമസ്, ശീതൾ സൂസൻ, അനസ്‌തേഷ്യ വിഭാഗത്തിലെ ശാലു, പ്രിൻസി, സ്‌കറിയ ബേബി തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. നഴ്‌സിംഗ് വിഭാഗത്തിലെ അനുജ, ജൂബി, എമിലി, അന്റു,ജിൻസി, സ്മിത, ടെക്‌നീഷ്യൻ സ്​റ്റാൻലി തുടങ്ങിയവരാണ് ശസ്ത്രക്രിയയിൽ പങ്കെടുത്തത്.