വരാപ്പുഴ: ലോകമണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടുവള്ളി പഞ്ചായത്തും കൃഷിഭവനും ചേർന്നു സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിൽ വിജയിച്ചവർക്കുമുള്ള അവാർഡുദാനം സിനിമാതാരം സോഹൻ സീനുലാൽ ഉദ്ഘാടനം ചെയ്തു. മണ്ണ് പ്രമേയമാക്കി കോട്ടുവള്ളിയിലെ വിദ്യാർത്ഥികൾ നിർമ്മിച്ച മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ലഘുചിത്രങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. തത്തപ്പിളളി പുഞ്ചിരി ബാലസഭയുടെ 'മണ്ണപ്പം' ഒന്നാംസ്ഥാനം നേടി. കൈതാരം ആരോമൽ കൃഷ്ണയുടെ 'പൊന്നിനേക്കാൾ വിലയുള്ള മണ്ണ്', കൂനമ്മാവ് സെന്റ് ജോസഫ് എച്ച് എസ് എസിലെ ജെയിം വിൽഫ്രഡ് നിർമ്മിച്ച 'പ്രകൃതികൃഷി ' എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജനതാ ലൈബ്രറിയുടെ 'മണ്ണിന്റെ മക്കൾ' മികച്ച ജനപ്രീയ ചിത്രമായി. അവാർഡ് ദാന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിജാ വിജു, സെബാസ്റ്റ്യൻ തോമസ്, കെ.എ. അഗസ്റ്റിൻ, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി. റൈഹാന, കൃഷി അസിസ്റ്റന്റ് എസ്.കെ. മിനു എന്നിവർ പ്രസംഗിച്ചു.