കൊവിഡിനുശേഷമുള്ള ഏറ്റവും ഉയർന്ന വർദ്ധന

കൊച്ചി: കൊച്ചി മെട്രോയിലേക്ക് ആളെ അടുപ്പിക്കാനുള്ള ശ്രമങ്ങൾ ഫലം കാണുന്നു. മെട്രോയിൽ ശനിയാഴ്ച യാത്രക്കാരുടെ എണ്ണം 50,000 കടന്നു. ലോക്ക്ഡൗണിനു ശേഷമുള്ള ഏറ്റവും ഉയർന്ന യാത്രാവർദ്ധനയാണിത്. ശനിയാഴ്ച 50,233 പേരാണ് യാത്ര ചെയ്തത്.
കൊവിഡിന് മുമ്പ് 65,000ത്തിലേറെ പേരാണ് മെട്രോയിൽ പ്രതിദിനം യാത്ര ചെയ്തിരുന്നത്. ഇക്കാലയളവിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം ഏറ്റവും ഉയർന്നത് 2018 ജൂൺ 19 നാണ്. 1.56 ലക്ഷം പേരാണ് അന്ന് യാത്ര ചെയ്തത്. 2019 ഡിസംബർ 31ന് 1.25 ലക്ഷത്തിലേറെ പേർ യാത്രചെയ്തു. കൊവിഡിനും തുടർന്നുള്ള ലോക്ഡൗണിനും ശേഷം സർവീസ് പുന:രാരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും പടിപടിയായി വർദ്ധിച്ചുവന്നു. ആദ്യത്തെ ലോക്ക്ഡൗണിനുശേഷം പ്രതിദിനം ശരാശരി 18,361 പേരാണ് മെട്രോ സർവീസ് ഉപയോഗിച്ചിരുന്നതെങ്കിൽ രണ്ടാം ലോക്ക്ഡൗണിനുശേഷം അത് 26,043 പേരായി വർദ്ധിച്ചു. നവംബറായതോടെ പ്രതിദിന യാത്രക്കാരുട എണ്ണം 41,648ൽ എത്തി. അതാണ് ഇപ്പോൾ 50,000 കടന്നത്.

വിവിധ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഫീഡർ സർവീസുകൾ കൂടുതലായി ആരംഭിച്ചതും നിരക്കുകളിൽ ഇളവ് നൽകിയതും സ്റ്റേഷനുകളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചതും വിശേഷ ദിവസങ്ങളിൽ സൗജന്യനിരക്കുകൾ നൽകിയതും യാത്രക്കാരുടെ എണ്ണം അനുദിനം വർദ്ധിക്കാൻ സഹായകരമായെന്ന് അധികൃതർ പറയുന്നു.
സായുധസേന പതാകദിനമായ ചൊവ്വാഴ്ച പ്രതിരോധ സേനയിലുള്ളവർക്കും വിരമിച്ചവർക്കും സൗജന്യനിരക്കിൽ യാത്ര ചെയ്യാം. ഈ വിഭാഗത്തിൽപെടുന്ന 75 വയസിനുമേൽ പ്രായമുള്ളവർക്ക് പൂർണമായും സൗജന്യമായി യാത്ര ചെയ്യാം. 75 വയസിനുതാഴെ പ്രായമുള്ളവർ 50 ശതമാനം നിരക്ക് നൽകിയാൽ മതി.