crime
മോഷണ വിവരമറിഞ്ഞ് മീരാന്റെ വീട്ടിൽ എത്തിയ നാട്ടുകാർ.

മൂവാറ്റുപുഴ: മോഷ്ടാക്കൾ വീട് കുത്തിത്തുറന്ന് 40പവൻ സ്വർണാഭരണങ്ങൾ കവർന്നു. ചാരീസ് പടി കൊളത്താപിള്ളിൽ കെ.എം.മീരാന്റ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. സുഖമില്ലാത്തതിനെ തുടർന്ന് മീരാൻ സമീപത്തുള്ള മകന്റെ വീട്ടിലായിരുന്നു താമസം. ഇന്നലെ ഭാര്യ വീട്ടിലെത്തിയപ്പോൾ വീടിന്റെ പിറകിലെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ അലമാരകൾ തകർത്ത് ഇതിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. പിന്നീട് പിൻവാതിൽ തകർത്ത് പുറത്തു കടക്കുകയായിരുന്നു. പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ വീട്ടിൽ നിന്നും മണം പിടിച്ച് ചാരീസ് ആശുപത്രി വളപ്പിൽ എത്തി നിന്നു. പുളിഞ്ചുവട് ഭാഗത്തും മോഷണശ്രമം നടന്നിരുന്നു. നാട്ടുകാർ ഉണർന്നതിനാൽ ഇവർ ഓടി രക്ഷപെടുകയായിരുന്നു.