കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഫണ്ടിംഗ് ഏജൻസിയായ എ.ഫ്.ഡിയുടെ പ്രതിനിധികൾ കൊച്ചി മെട്രോ സന്ദർശിച്ചു. എ.എഫ്.ഡി ഇന്ത്യ അർബൻ ഡെവലപ്‌മെന്റ് സെക്ടർ പോർട്ട്ഫോളിയോ മാനേജർ ജ്യോതി വിജയൻ നായർ, അർബൻ ട്രാൻസ്‌പോർട്ട് സെക്ടർ പോർട്ട് ഫോളിയോ മാനേജർ രജ്‌നിഷ് അഹുജ എന്നിവരടങ്ങിയ സംഘം മുട്ടം യാർഡ് സന്ദർശിച്ചശേഷം നോൺ മോട്ടോറൈസ്ഡ് ട്രാൻസ്‌പോർട്ട് പ്രോജക്ട് സംബന്ധിച്ച് കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിൽ സംതൃപ്തി അറിയിച്ച സംഘം 40 ശതമാനം വൈദ്യുതി ആവശ്യവും സോളാറിൽ നിന്ന് നിറേവേറ്റുന്നതിൽ കെ.എം.ആർ.എല്ലിനെ അഭിനന്ദിച്ചു. പൂർണ്ണമായും വനിതകൾ പ്രവർത്തിപ്പിക്കുന്ന മുട്ടം സ്റ്റേഷന്റെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തി. സ്ഥാപനത്തിൽ നടപ്പാക്കിയ ലിംഗ സൗഹൃദ നടപടികൾ മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടു. എ.എഫ്.ഡി അർബൻ ട്രാൻസ്‌പോർട്ട് ഫോർ സൗത്ത് ഏഷ്യ ടാസ്‌ക് ടീം ലീഡർ ബഞ്ചമിൻ ഫുവാൻ വീഡിയോ കോൺഫറൻസിലൂടെ ചർച്ചകളിൽ പങ്കെടുത്തു.