ആലുവ: പാർലമെന്റിൽ ജനപ്രതിനിധികൾക്ക് അഭിപ്രായം പറയാൻ പോലും സ്വാതന്ത്ര്യമില്ലാത്ത ഫാസിസ്റ്റ് സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും നരേന്ദ്രമോദിയുടെ അതേസമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയനുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ജനജാഗരൺ അഭിയാൻ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ധനവില വർദ്ധനവും തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കാത്ത സർക്കാരാണിത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പെട്രോൾ വിലവർദ്ധനവിന്റെ ഘട്ടത്തിൽ സംസ്ഥാന ടാക്‌സ് ഒഴിവാക്കി ജനങ്ങളുടെ ഒപ്പംനിന്നുവെന്നും സുധീരൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ അൻവർ സദത്ത്, ടി.ജെ. വിനോദ്, എൽദോസ് കുന്നപ്പള്ളി, റോജി എം. ജോൺ, മാത്യു കുഴൽനാടൻ, കെ.പി.സി.സി ഭാരവാഹികളായ വി.ജെ. പൗലോസ്, ദീപ്തി മേരി വർഗീസ്, അഡ്വ. അബ്ദുൽ മുത്തലിബ്, കെ.പി. ധനപാലൻ, ജയ്‌സൻ ജോസഫ്, എം.ഒ. ജോൺ, ബാബു പുത്തനങ്ങാടി, പി.എൻ. ഉണ്ണിക്കൃഷ്ണൻ എം.ജെ. ജോമി, മിനിമോൾ, പി.വി. സുനീർ, തോപ്പിൽ അബു, കെ.എൻ. കൃഷ്ണകുമാർ, ലത്തീഫ് പുഴിത്തറ എന്നിവർ സംസാരിച്ചു.
ചൂണ്ടി കവലയിൽ നിന്നാരംഭിച്ച പദയാത്ര എടത്തല കുഴിവേലിപ്പടിയിൽ സമാപിച്ചു. സമാപനസമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.