cpm
സർക്കാർ തീരുമാനത്തിന് പുല്ലുവിലപോലും കല്പിക്കാതെ ഭൂമാഫിയ ഇടിച്ചുനിരത്തുന്ന 40 ഏക്കറോളം വരുന്ന എള്ളുമല സി.പി.എം ലോക്കൽ സെക്രട്ടറി ആർ.സുകുമാരന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.

മൂവാറ്റുപുഴ: സർക്കാർ തീരുമാനത്തിന് പുല്ലുവിലപോലും കല്പിക്കാതെ ഭൂമാഫിയ തകർക്കുന്ന 40 ഏക്കറോളംവരുന്ന

എള്ളുമല സി.പി.എം നേതാക്കൾ സന്ദർശിച്ചു. സി.പി.എം പായിപ്ര ലോക്കൽ സെക്രട്ടറി ആർ.സുകുമാരൻ, ബ്രാഞ്ച് സെക്രട്ടറി വി.എച്ച്. ഷെഫീക്ക് , പി.എം.ബാബു, പി.എസ്.ബഷീർ, പി.കെ. റോബി എന്നവരടങ്ങുന്ന സംഘമാണ് മലയിടിച്ചിട്ടിരിക്കുന്ന സ്ഥലം സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ സഡക്ക് യോജന പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച പായിപ്ര സ്കൂൾപടി - ത്രിവേണി റോഡ് സഞ്ചാരയോഗ്യമല്ലാതാക്കിയിരിക്കുന്നതും സംഘം പരിശോധിച്ചു.

40 ഏക്കറോളം വരുന്ന എള്ളുമല കുന്നത്തുനാട് ,മൂവാറ്റുപുഴ താലൂക്കുകളിലെ മുളവൂർ അശമന്നൂർ വില്ലേജുകളിലായാണ് വ്യാപിച്ചുകിടക്കുന്നത്. പ്രകൃതി സന്തുലിതാവസ്ഥ പിടിച്ചുനിർത്തുന്ന ഇൗ മലകൾ ഇടിച്ചുനിരത്താൻ അനുവാദം നൽകിയവർ ആരായാലും സമാധാനം പറയേണ്ടിവരുമെന്ന് നേതാക്കൾ പറഞ്ഞു. മൈനിംഗ് ആൻഡ് ജിയോളജി , റവന്യൂ, പൊലീസ് , തദ്ദേശ ഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇൗ കടുംകൈചെയ്യുന്നത്. ഒരുനാടിനെ പ്രകൃതി ദുരന്തത്തിലേക്ക് തള്ളിവിടുന്ന നടപടികൾക്ക് ആര് അനുമതി നൽകിയെന്ന് അന്വേഷണത്തിന് വിധേയമാക്കണം. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മാഫിയസംഘത്തെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ഇടിച്ചുനിരത്തിയ മല അളന്ന് തിട്ടപ്പെടുത്തി സർക്കാരിലേക്ക് അടയ്ക്കേണ്ട പിഴയടപ്പിക്കുകയും ചെയ്യണം. ഭൂമാഫിയ സംഘത്തിന്റെ മലയിടിക്കൽ നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ,കളക്ടർ , റവന്യൂസെക്രട്ടറി , ആർ.ഡി.ഒ എന്നിവർക്ക് പരാതി നൽകുമെന്നും ലോക്കൽ സെക്രട്ടറി ആർ.സുകുമാരൻ അറിയിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം കുന്നിടിക്കലും മണ്ണെടുപ്പും നിറുത്തിവയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും ഭൂമാഫിയയ്ക്ക് ഇതൊന്നും ബാധകമല്ലെന്ന പരസ്യമായി പറഞ്ഞുകൊണ്ടാണ് വലിയ ടിപ്പറുകളിൽ മണ്ണുനിറച്ച് ചീറിപായുന്നതെന്ന് നാട്ടുകാർ നേതാക്കളോട് പറഞ്ഞു.

 കൈമലർത്തി ഉദ്യോഗസ്ഥർ

ഒരാഴ്ചയോളമായി തുടരുന്ന മലയിടിച്ചുനിരത്തലിനെകുറിച്ച് അന്വേഷിച്ച നേതാക്കളോട് വിവരം അറിഞ്ഞില്ലെന്നാണ് മൈനിംഗ് ആൻഡ് ജിയോളജി, റവന്യു , പൊലീസ് , പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് ആർ.സുകുമാരൻ പറഞ്ഞു. ജില്ലാ ജിയോളജിസ്റ്റിനോട് വിവരം തിരക്കിയപ്പോൾ ഫയൽ നോക്കിയാലെ വിവരം പറയാനാകുവെന്ന മറുപടിയാണ് നൽകിയത്. മുളവൂർ വില്ലേജ് ഓഫീസർ മല ഇടിച്ചുനിരത്താൻ പെർമിറ്റ് ഉണ്ടെന്നാണ് അറിയുന്നതെന്ന മറുപടിയാണ് നൽകിയത്. ഇവരുടെയെല്ലാം മൗനാനുവാദമാണ് പരസ്യമായി കുന്നുകൾ ഇടിച്ചുനിരത്താൻ ഭൂമാഫിക്ക് ധൈര്യം പകരുന്നത്. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആർ.സുകുമാരൻ ആവശ്യപ്പെട്ടു.