കൊച്ചി: ഗാന്ധിനഗറിൽ എൽ.ഡി.എഫ് വിജയം നിലനിറുത്തിയതിന് പിന്നാലെ മുന്നണികളുടെ ലക്ഷ്യം എറണാകുളം സൗത്തിലേക്ക്. കൊച്ചി കോർപ്പറേഷനിൽ ഗാന്ധിനഗറിലെ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും രാഷ്‌ട്രീയക്കാർക്ക് വിശ്രമമില്ല. ഏപ്രിലിൽ നടക്കാനിരിക്കുന്ന സൗത്ത് ഉപതിരഞ്ഞെടുപ്പ് മൂന്നും മുന്നണികൾക്കും നിർണായകമാകും.

വനിതകൾക്ക് സംവരണം ചെയ്ത സൗത്തിൽ അനുയോജ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ അണിയറനീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കൗൺസിലർ മിനി ആർ. മേനോന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എല്ലാക്കാലത്തും കോൺഗ്രസിനെ പിന്തുണച്ചിരുന്ന സൗത്ത് ഡിവിഷൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പിടിച്ചെടുത്തത് യു.ഡി.എഫിന് കടുത്ത തിരിച്ചടിയായി.

ഈ മാറ്റം ഒറ്റ ദിവസം കൊണ്ടു സംഭവിച്ചതല്ല. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഡിവിഷന്റെ രാഷ്‌ട്രിയ ചായ്‌വിലും സ്വാധീനം ചെലുത്തി. സുപ്രീംകോടതി വിധിക്കെതിരെ നാമജപഘോഷയാത്ര ഉൾപ്പടെ പ്രതിഷേധങ്ങൾ ഇവിടെ നടന്നിരുന്നു . അതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾ സൗത്തിൽ ലീഡ് നേടി. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ടി.ജെ. വിനോദിനേക്കാൾ 200 വോട്ടിന്റെ ഭൂരിപക്ഷം എൻ.ഡി.എ സ്ഥാനാർത്ഥി പത്മജ എസ്. മേനോന് ഡിവിഷനിൽ ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ മിനി ആർ. മേനോന്റെ വിജയം കൂടിയായതോടെ ബി.ജെ.പിയുടെ ആത്മവിശ്വാസം ഇരട്ടിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന് അധികം കഴിയുംമുമ്പ് അവർ കാൻസർ ബാധിതയായി. രണ്ടു മാസം മുമ്പ് മരണം സംഭവിച്ചു.

 പടയ്ക്കൊരുങ്ങി യു.ഡി. എഫ്

ജില്ലാ കോൺഗ്രസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഡിവിഷൻ കൂടിയായ സൗത്ത് ഇത്തവണ ഏതുവിധേനയും പിടിച്ചെടുക്കണമെന്ന നിശ്ചയദാർഡ്യത്തിലാണ് യു.ഡി.എഫ്. പൊതുവേ മുന്നാക്ക വിഭാഗക്കാർക്കാർക്കാണ് ഇവിടെ മേൽക്കൈ. സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരാണ് വോട്ടർമാരിൽ അധികം പേരും. രാഷ്‌ട്രിയമെന്നതിലുപരി കുടുംബക്കാർ തമ്മിലുള്ള മത്സരമാണ് പലപ്പോഴും അരങ്ങേറുന്നത്. അതുകൊണ്ടു തന്നെ സ്ഥാനാർത്ഥിയുടെ കുടുംബ പശ്ചാത്തലത്തിന് നിർണ്ണായക പ്രാധാന്യമുണ്ട്.

ജയസാദ്ധ്യത കണക്കിലെടുത്ത് മുൻ മേയർ സൗമിനി ജെയിനിനെ മത്സരിപ്പിക്കണമെന്ന് യു.ഡി.എഫിൽ ഒരുവിഭാഗം ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. മുതിർന്ന നേതാക്കൾ അഭിപ്രായത്തോട് മുഖംതിരിച്ചു. മഹിളാകോൺഗ്രസിനും സൗമിനി മത്സരിക്കുന്നതിൽ താത്പര്യമില്ല. കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡിലെ ജീവനക്കാരി അനിത രഞ്ജിത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. വാരിയം റോഡിലാണ് താമസം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഇവർ രാഷ്‌ട്രീയത്തിൽ പുതുമുഖമാണ്.

 സ്ഥാനാർത്ഥിയാകാൻ മൂന്നു പേർ

മഹിളാമോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോൻ, ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, രമാദേവി തുടങ്ങിയവർ എൻ.ഡി.എ സ്ഥാനാർത്ഥി പരിഗണന പട്ടികയിലുണ്ട്. അതേസമയം ഇത്തരം അഭ്യൂഹങ്ങളെല്ലാം ബി.ജെ.പി നേതൃത്വം തള്ളിക്കളഞ്ഞു. മണ്ഡലം പ്രസിഡന്റുമാരുമായി ആലോചിച്ച് സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്ന് മുതിർന്ന നേതാവ് പറഞ്ഞു.

 സ്ഥാനാർത്ഥിയെ തേടി സി.പി.ഐ

എൽ.ഡി.എഫിൽ സി.പി.ഐയുടെ സീറ്റാണ് സൗത്ത്. കഴിഞ്ഞ തവണ ഷീല മോഹനായിരുന്നു സ്ഥാനാർത്ഥി. നിക്ഷ്പക്ഷ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്ന പൊതുസ്വീകാര്യതയുള്ള സ്ഥാനാർത്ഥിയെ തേടുകയാണ് സി.പി.ഐ.