കൊച്ചി: ഓൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദക്ഷിണ റെയിൽവെയിലെ സ്റ്റേഷൻ മാസ്റ്റേർമാർ 10ന് അർദ്ധ രാത്രി മുതൽ 72 മണിക്കൂർ ഉപവാസം അനുഷ്ഠിക്കും. റെയിൽവേ സർവീസിന് ഭംഗംവരാത്തവിധം ഡ്യൂട്ടിയിലും ഓഫ്ഡ്യൂട്ടിയിലുമുള്ള സ്റ്റേഷൻ മാസ്റ്റർമാർ അതത് സ്റ്റേഷനുകളിൽ ഉപവാസത്തിൽ പങ്കെടുക്കും. റെയിൽവേയുടെ സുരക്ഷയെ കാര്യക്ഷമമായി ബാധിക്കുംവിധം ജീവനക്കാരെ കുറയ്ക്കുന്ന മാനേജ്മെന്റ് നയത്തിനെതിരെയാണ് സമരമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദക്ഷിണറെയിൽവേയിൽ മാത്രം 530ൽ അധികം സ്റ്റേഷൻ മാസ്റ്റർമാരുടെ ഒഴിവുണ്ട്. ഇതുകാരണം നിലവിൽ ജോലിചെയ്യുന്നവർക്ക് ആഴ്ചയിൽ ഒരുദിവസം വിശ്രമം, അത്യാവശ്യഘട്ടങ്ങളിൽ അവധി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെടുകയാണ്. ഒരേ സമയം രണ്ട് സ്റ്റേഷൻ മാസ്റ്റർമാർ ജോലിചെയ്തിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ ഒരാൾ മാത്രമായി ചുരുങ്ങി. ജോലിത്തിരക്കുള്ള സ്റ്റേഷനുകളിൽ ജനങ്ങളുടെ സുരക്ഷയെയും ട്രെയിനുകളുടെ സമയനിഷ്ഠയെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിക്കാത്തിരിക്കുന്ന നിരവധി സ്റ്റേഷൻമാസ്റ്റർമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അസംതൃപ്തരായി ജോലി ചെയ്യുന്നുണ്ട്. ഇത്തരത്തിൽ മനുഷ്യാവകാശ നിഷേധങ്ങളുടെ ഒരുപരമ്പരതന്നെ ജീവനക്കാർ അഭിമുഖീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് തന്നെ സമരം ചെയ്യാൻ തീരുമാനിച്ചതെന്നും ഓൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ ദക്ഷിണമേഖല വൈസ് പ്രസിഡന്റ് എസ്. രാജഗോപാൽ, വി. രാജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.