മൂവാറ്റുപുഴ: പൊതുവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സബ്സിഡി ഉത്പന്നങ്ങളും ശബരി ഉത്പന്നങ്ങളുമായി സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകൾ. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ വിവിധ ഭാഗങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ എത്തിച്ചേരും. ഇന്ന് രാവിലെ എട്ടിന് മൂവാറ്റുപുഴ സപ്ലൈകോ ഡിപ്പോയിൽ നടക്കുന്ന ചടങ്ങ് നഗരസഭ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്യും. കോതമംഗലം താലൂക്കിൽ ഇന്ന് രാവിലെ എട്ടിന് സപ്ലൈകോയുടെ തങ്കളത്ത് പ്രവർത്തിക്കുന്ന സബ്ബ് ഡിപ്പോ അങ്കണത്തിൽ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പിറവം മണ്ഡലത്തിൽ 9ന് രാവിലെ എട്ടിന് സപ്ലൈകോയുടെ കൂത്താട്ടുകുളം പീപ്പിൾസ് ബസാർ അങ്കണത്തിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കൾ റേഷൻ കാർഡ് കൈയിൽ കരുതിയിരിക്കണം.