പറവൂർ: നഗരഹൃദയത്തിൽ പ്രൗഢിയോടെ നിലകൊള്ളുന്ന പറവൂർ കോടതി ആരംഭിച്ചിട്ട് 210 വർഷം തികയുന്നു. ഇതു ആഘോഷമാക്കാൻ പറവൂർ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഒരു വർഷം നീണ്ടുനിൽകുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ദേശീയ സെമിനാറുകൾ, പ്രഭാഷണ പരമ്പരകൾ, പ്രദർശനങ്ങൾ, കലാകായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. കോടതിയുടെ ചരിത്രവും പ്രധാന്യവും പൊതുജനങ്ങളിലെത്തിക്കാനും പറവൂർ കോടതിയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ ആവിഷ്കരിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേരള ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, സാംസ്കാരിക നായകർ, നിയമവിദഗ്ദർ തുടങ്ങിയവരെ വിവിധ പരിപാടികളിൽ ക്ഷണിക്കുന്നതിന് സംഘാടക സമിതി തീരുമാനിച്ചു. രൂപീകരണ യോഗം അഡീഷണൽ ജില്ലാ ജഡ്ജി മുരളി ഗോപാല പണ്ടാല ഉദ്ഘാടനം ചെയ്തു. ജില്ലാ കോടതി ബാർ അസോസിയേഷൻ സെക്രട്ടറി എം.എ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരികളായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എംപി എന്നിവരും ചെയർമാനായി പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതിയും ജനറൽ കൺവീനർമാരായ അഡ്വ. എം.എ.കൃഷ്ണകുമാർ, അഡ്വ. പി.എ. അയൂബ്ഖാൻ എന്നിവരെ തിരഞ്ഞെടുത്തു.
ഒരു ദേശത്തിന്റെ കഥ
1811ൽ പറവൂരും ആലങ്ങാടും ആലുവയും ഉൾപ്പെടുന്ന ‘ആലങ്ങാട് മുഖം’ പ്രവിശ്യയ്ക്ക് വേണ്ടി അന്നത്തെ തിരുവതാംകൂർ മഹാറാണി വിളംബരം ചെയ്തു സ്ഥാപിച്ചതാണ് കോടതി. 1811 മുതൽ 1873 വരെ ആലുവ യു.സി കോളജിലെ കച്ചേരി മാളികയിലാണ് പ്രവർത്തിച്ചത്. 1873ൽ പറവൂർ നഗരത്തിലേക്ക് മാറ്റി സ്ഥാപിച്ചു. കേരളത്തിലെ പൈതൃക കോടതികളിൽ ഒന്നാണിത്. ജില്ലാ ജഡ്ജിയുടെ ഡഫേദാറുടെ യൂണിഫോമിന്റെ ബെൽറ്റിൽ ഇപ്പോഴും ആലങ്ങാട് കോടതി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവിതാംകൂറിന്റെ പ്രധാനപ്പെട്ട ജില്ലാ കോടതിയായിരുന്ന കോടതി സമുച്ചയം പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്നതാണ്. ഒരു കോൽ വണ്ണത്തിലും പതിനാറ് കോൽ നീളത്തിലുമുള്ള ചെങ്കൽ തൂണുകളിലാണ് മന്ദിരം നിൽക്കുന്നത്. സിമന്റ് ലഭ്യമല്ലാത്ത കാലത്ത് മണലും കുമ്മായവും ചേർത്ത് പതംവരുത്തി പത്ത് ദിവസം പഴുപ്പിക്കാൻ കൂട്ടിയിട്ടു പത്താം ദിവസം കടുക്ക, ചെമ്പരത്തി, ഉഴിഞ്ഞാവള്ളി എന്നിവ ചതച്ചുചേർത്ത് തയാറാക്കിയ കുമ്മായക്കൂട്ടിലാണ് കെട്ടിടം നിർമ്മിച്ചത്. വാസ്തുശിൽപ കലയുടെ മനോഹാരിത ഇതിൽ കാണാം. ഇംഗ്ലണ്ടിൽ നിന്നും കൊണ്ടുവന്ന ഇരുമ്പു തുലാനുകൾ ഉപയോഗിച്ചാണ് മച്ച് ഉറപ്പിച്ചിരിക്കുന്നത്. ഗോവണിപ്പടികൾ നിർമിച്ചതും മരത്തിലാണ്. ഈട്ടി, തേക്ക് തടികളാണ് ഉപയോഗിച്ചത്. കോടതികൾ, താലൂക്ക് ഓഫീസ്, രജിസ്ട്രാർ ഓഫീസ് എന്നിവ മന്ദിരത്തിൽ പ്രവർത്തിക്കുന്നു.
ആദ്യനീതിമേള പറവൂരിൽ
ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് 1984ൽ ഇന്ത്യയിൽ ആദ്യമായി നീതിമേള നടന്നത് പറവൂരിലാണ്. 1989ൽ ആദ്യമായി ലോക് അദാലത്തും വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും നിയമബോധമുണ്ടാക്കാൻ മലയാളത്തിൽ നിയമപാഠം തയാറാക്കി പ്രകാശനം ചെയ്തതും പറവൂരിലാണ്.
രണ്ട് ജില്ലാ കോടതി, രണ്ട് സബ് കോടതി, ഒരു മുൻസിഫ് മജിസ്ട്രേറ്റ് കോടതി, ഒരു മജിസ്ട്രേറ്റ് കോടതി, ഒരു എം.എ.സി.ടി കോടതി എന്നിവ ഉൾപ്പെടെ ഏഴ് കോടതികളാണ് കച്ചേരി മൈതാനിയിൽ നിലവിലുണ്ട്. കുടുംബ കോടതി ആരംഭിക്കുന്ന അനുമതി ലഭിച്ചിട്ടുണ്ട്.