
കാക്കനാട്: ഉപരിപഠനത്തിനും തൊഴിലിനും അവസരങ്ങൾ തേടുന്നവർക്ക് വഴികാട്ടിയാവാൻ തന്റെ അനുഭവങ്ങൾ പുസ്തകരൂപത്തിലാക്കി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ബെന്നി മാത്യു. 'വിദ്യാർത്ഥി ഉദ്യോഗാർത്ഥിയാകുമ്പോൾ' എന്ന പുസ്തകത്തിലൂടെയാണ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്. എംപ്ലോയ്‌മെന്റ് ഓഫീസറായും കരിയർ ഗൈഡൻസ് സെല്ലിന്റെ ചുമതലക്കാരനായും പ്രവർത്തിച്ച മൂന്നു പതിറ്റാണ്ടിന്റെ ജീവിതാനുഭവം കൊണ്ട് സമ്പന്നമാണ് പുസ്തകം.
ഉപരിപഠനം, തൊഴിലവസരം എന്നിവ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. മത്സര പരീക്ഷകൾക്ക് തയാറാകേണ്ട രീതികളും വിശദമാക്കുന്നു. ഓർമ്മ ശക്തി കൂട്ടുന്നതിനുള്ള പൊടിക്കൈകളുമുണ്ട്. സ്‌കോളർഷിപ്പുകൾ, വിദ്യാഭ്യാസ വായ്പകൾ, പുതുതലമുറ കോഴ്‌സുകൾ എന്നിവയും വിവരിക്കുന്നു.
ഒരു വർഷമായി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറാണ്. കണ്ണൂർ, ഇടുക്കി ജില്ലകളിൽ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എംപ്ലോയ്‌മെന്റ് ഗൈഡൻസ് ബ്യൂറോയുടെ ഡെപ്യൂട്ടി ചീഫായും പ്രവർത്തിച്ചിട്ടുണ്ട്. കിഴക്കമ്പലം മലയിടംതുരുത്ത് സ്വദേശിയാണ്. ഭാര്യ ലിജി ബെന്നി അദ്ധ്യാപികയാണ്.
പുക്കാട്ടുപടി വള്ളത്തോൾ വായനശാലയിൽ നടന്ന ചടങ്ങിൽ പി.വി. ശ്രീനിജിൻ എം.എൽ.എ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. കാർട്ടൂണിസ്റ്റ് ജോഷി ജോർജ്, കെ.വി. ഏലിയാസ്, പി.എസ്. മാർക്കോസ്, ജോസഫ് വർഗീസ്, പി.ജി. സജീവ, രേണു രമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.