 
ആലുവ: ഇ.എസ്.ഐ - ബി.എസ്.എൻ.എൽ റോഡിൽ തെരുവുനായ ശല്യം രൂക്ഷമായി. നിരവധി പേർ തെരുവ് നായകളുടെ അക്രമണത്തിന് ഇരയായി. കഴിഞ്ഞദിവസം വീടിന്റെ മുന്നിൽ വച്ച് രാമനാട്ട് വീട്ടിൽ സണ്ണിയെ നായ കടിച്ചു. ജില്ലാ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കളമശേരി മെഡിക്കൽ കോളേജിലെത്തിയാണ് പേവിഷബാധയ്ക്ക് എതിരെയുള്ള കുത്തിവയ്പ്പ് നടത്തിയത്.
രാവും പകലുമെന്ന വ്യത്യാസമില്ലാതെയാണ് തെരുവ് നായ്ക്കളുടെ ശല്യം. ഇ.എസ്.ഐ ആശുപത്രി, വനിതാ സെൽ പൊലീസ് സ്റ്റേഷൻ എന്നിവയുടെ മുന്നിലാണ് നായ്ക്കൾ തമ്പടിച്ചിരിക്കുന്നത്. ബി.എസ്.എൻ.എൽ, ഇ.എസ്.ഐ ക്വാർട്ടേഴ്‌സുകളും ഇവിടെയുണ്ട്. ഇ.എസ്.ഐയിലേക്ക് പോകുന്ന രോഗികളാണ് നായ ശല്യത്തിൽ ഏറെ വലയുന്നത്. സ്ത്രീകൾ പലപ്പോഴും കുട നിവർത്തി താഴേയ്ക്ക് പിടിച്ചാണ് പോകുന്നത്. വനിതാ പൊലീസ് ഇത് ദിവസവും കാണുന്നുണ്ടെങ്കിലും ഗൗരവത്തിലെടുക്കുന്നുമില്ല. പവർഹൗസ് റോഡിനെയും സബ് ജയിൽ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡായതിനാൽ കാൽനടക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡാണിത്.
നഗരസഭയോ ആരോഗ്യവകുപ്പോ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.