കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ പൊതുപ്രവർത്തകന് സഹയാത്രികയും ആലപ്പുഴ ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് വോളണ്ടിയറുമായ സുനിത മഹേഷ് രക്ഷകയായി. കേരള പ്രതികരണസമിതി ചെയർമാൻ ഞാറയ്ക്കൽ പെരുമ്പള്ളി കുരീപ്പറമ്പ് റോഡ് നികത്തിൽ വീട്ടിൽ എൻ.ജി. ശിവദാസാ (64) ണ് യാത്രക്കാരിയുടെ തക്കസമയത്തെ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് തിരുവനന്തപുരം ട്രെയിനിൽ കയറിയ ശിവദാസന് ദേഹാസ്വാസ്ഥ്യമുണ്ടായി. ആലുവയിൽ ഇറങ്ങാൻ നിശ്ചയിച്ചിരുന്ന അദ്ദേഹം മയക്കം വിട്ടുണരുമ്പോൾ ട്രെയിൻ കരുനാഗപ്പള്ളി വിട്ടിരുന്നു. എഴുന്നേൽക്കാൻ ശ്രമിക്കവേ കുഴഞ്ഞുവീണ ശിവദാസന് സുനിത പ്രാഥമിക ചികിത്സ നൽകി. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ കൊമേഴ്സ്യൽ മാനേജർ എൽ. രാഖിയെ വിവരം അറിയിച്ചു. രാവിലെ ഒമ്പതോടെ ട്രെയിൻ കൊല്ലത്തെത്തിയപ്പോൾ പ്ളാറ്റ്‌ഫോമിൽ കാത്തുനിന്ന ആർ.പി.എഫും മെഡിക്കൽ സംഘവും ചേർന്ന് ശിവദാസനെ ആശുപത്രിയിലേക്ക് മാറ്റി.
ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇന്നലെ അദ്ദേഹം വീട്ടിലെത്തി. ആറു മാസം മുമ്പ് ഇദ്ദേഹത്തിന് പക്ഷാഘാതം വന്നിരുന്നതായി ചികിത്സിച്ച ഡോക്‌ടർമാർ പറഞ്ഞു.
അപരിചിതനായ സഹയാത്രികന്റെ ജീവൻ രക്ഷിച്ച സുനിത മഹേഷിനെ അഗ്നിരക്ഷാസേന വിഭാഗം ഇന്നലെ ആദരിച്ചു. സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്കുള്ള പരിശീലനം ലഭിച്ചതിനാലാണ് പ്രഥമശുശ്രൂഷ നൽകാൻ കഴിഞ്ഞതെന്ന് അവർ പറഞ്ഞു. സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി വനിതാവിംഗ് ജില്ലാ സെക്രട്ടറിയുമാണ്. എൽ.ഐ.സി ഏജന്റു കൂടിയായ സുനിത പ്രളയ, കൊവിഡ് കാലങ്ങളിലും സേവനപ്രവർത്തനങ്ങളുമായി മുന്നിലുണ്ടായിരുന്നു.
ഭർത്താവ് മഹേഷ് തയ്യൽജോലിക്കാരനാണ്.പ്ളസ് ടു വിദ്യാർത്ഥി ആർഷ ഗംഗ, മൂന്നാം ക്ളാസ് വിദ്യാർത്ഥി ആർഷ നന്ദൻ എന്നിവരാണ് മക്കൾ. ആലപ്പുഴ പുന്നപ്രയിലാണ് താമസം.