മൂവാറ്റുപുഴ: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മൂവാറ്റുപുഴയിൽ നിന്നും കേരളത്തിനായി മത്സരത്തിനിറങ്ങിയ സുരേഷ് മാധവനും കുടുംബവും തിരികെയെത്തുന്നത് മെഡലുമായി. ഇന്റർനാഷണൽ ഹെൽത്ത് സ്‌പോട്‌സ് ആൻഡ് ഫിറ്റ്‌നസ് ഗോരഗാവിലെ മുംബയ് എക്‌സിബിഷൻ സെന്ററിൽ സംഘടിപ്പിച്ച മത്സരത്തിലാണ് കേരളത്തിനായി ഇറങ്ങിയ മൂവാറ്റുപുഴ വെള്ളൂർകുന്നം മേലേത്തുഞാലിൽ സുരേഷ് മാധവനും ഭാര്യ റീജ സുരേഷും മകൾ ആർദ്ര സുരേഷും മെഡലുകൾ നേടിയത്. പുരുഷവിഭാഗം 90 കിലോയിൽ സുരേഷ് മാധവൻ വെങ്കലവും വനിതകളുടെ 65 കിലോയിൽ ആർദ്ര സുരേഷ് വെള്ളിയും റീജ സുരേഷ് വെങ്കലവും നേടി. 37വർഷമായി തുടർച്ചയായി പഞ്ചഗുസ്തി മത്സരത്തിൽ സുരേഷ് മാധവൻ പങ്കെടുക്കുന്നുണ്ട്. മൂന്ന് രാജ്യാന്തര മത്സരങ്ങളിൽ സുരേഷ് മാധവനും ഭാര്യ റീജ സുരേഷും മകൾ ആർദ്ര സുരേഷും പങ്കെടുത്തിട്ടുണ്ട്. മുംബയിൽ നടന്ന മത്സരത്തിൽ മൂന്ന് സ്വർണ്ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി കേരള ടീം ഓവറോൾ ചാമ്പ്യൻമാരായി.