പെരുമ്പാവൂർ: നിർമാണം പുനരാരംഭിക്കാൻ വൈകിയ ആലുവ - മൂന്നാർ റോഡ് കുഴിയടക്കൽ അടിയന്തര നടപടിക്ക് ടെൻഡർ നടപടികൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ടാർ ഇളകി വലിയ കുഴികൾ രൂപപ്പെട്ടതോടെ വാഹനഗതാഗതം ദുരിതമാകുകയായിരുന്നു. ആലുവ- മൂന്നാർ റോഡിൽ പെരുമ്പാവൂർ പി.ഡബ്ല്യു.ഡി സെക്ഷന് കീഴെയുള്ള പാലക്കാട്ടുതാഴംപാലം മുതൽ ഇരിങ്ങോൾ റോട്ടറിക്ലബ് വരെയുള്ള ഭാഗം കഴിഞ്ഞദിവസം ടാർചെയ്തു കുഴികൾ അടച്ചിരുന്നു. ആലുവ- മൂന്നാർ റോഡിൽ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ കുറുപ്പംപടി സെക്ഷന് കീഴിലുള്ള ഭാഗത്തെ അടിയന്തര കുഴിയടക്കൽ നടപടിക്ക് ടെൻഡറായി. 8.81 ലക്ഷം രൂപയാണ് അനുവദിക്കപ്പെട്ടത്. അടുത്ത ആഴ്ച ടെൻഡർ തുറക്കുമെന്ന് എം.എൽ.എ അറിയിച്ചു.
ശബരിമല പാക്കേജിൽ ഉൾപെടുത്തി 7കോടി അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ബാക്കിവരുന്ന റോഡിൽ ആവശ്യമായിടങ്ങളിൽ റോഡ് ഉയർത്തലും ഡ്രെയിനേജ് നിർമ്മിക്കലും ബി. എം.ബി.സി നിലവാരത്തിൽ ഉപരിതലം ടാറിംഗ് നടത്തുന്ന പ്രവൃത്തികളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി അടിയന്തരമായി ടെൻഡർ ചെയ്യുന്നതിന് പൊതുമരാമത്ത് നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എൻജിനിയർക്ക് നിർദ്ദേശം നൽകിയതായി എൽദോസ് കുന്നപ്പിള്ളി അറിയിച്ചു.