കുറുപ്പംപടി: കാെവിഡ് രണ്ടാംവ്യാപനവും തുടർച്ചയായുണ്ടായ മഴയും മൂലം നിർമാണം പുനരാരംഭിക്കാൻ വൈകിയ ആലുവ - മൂന്നാർ റോഡ് കുഴിയടയ്ക്കൽ അടിയന്തര നടപടിക്ക് ടെൻഡർ നടപടികൾ പൂർത്തിയായി. ടാർ ഇളകി വലിയ കുഴികൾ രൂപപ്പെട്ടതോടെ വാഹന ഗതാഗതം ദുരിതമാകുകയായിരുന്നു. ഈ റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് തുടരെ അപകടം സംഭവിക്കുന്നതും പതിവായിരുന്നു.
ആലുവ - മൂന്നാർ റോഡിൽ പെരുമ്പാവൂർ പി.ഡബ്ല്യു.ഡി സെക്ഷന് കീഴെയുള്ള പാലക്കാട്ട്താഴംപാലം മുതൽ ഇരിങ്ങോൾ റോട്ടറി ക്ലബ് വരെയുള്ള ഭാഗം കഴിഞ്ഞ ദിവസം ടാർ ചെയ്തു കുഴികൾ അടച്ചിരുന്നു.
അതേസമയം, പൊലീസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വാഹനപരിശോധന വൻ അപകടങ്ങൾക്ക് വഴിവയ്ക്കുന്നെന്ന് നാട്ടുകാർ പറയുന്നു. കുഴിയുള്ള ഭാഗത്ത് നിന്നുകൊണ്ട് വാഹനങ്ങൾക്ക് കൈ കാണിക്കുമ്പോൾ പെട്ടെന്ന് നിർത്തുകയും പുറകിലൂടെ വരുന്ന വാഹനങ്ങൾ ഇടിച്ച് വൻ അപകടങ്ങൾക്ക് വഴി വയ്ക്കുന്നത് പതിവുകാഴ്ചയാണ്.