കൊച്ചി: നഗരസഭാ ഉപതിരഞ്ഞെടുപ്പിൽ 63-ാം ഡിവിഷൻ ഗാന്ധിനഗർ വിധിയെഴുതി. ബുധനാഴ്ച രാവിലെ പത്തോടെ ഫലം പുറത്തുവരും. 69 ശതമാനമാണ് പോളിംഗ്. കോർപ്പറേഷൻ ഭരണത്തിൽ നിർണ്ണായക പ്രാധാന്യമുള്ളതിനാൽ പോളിംഗ് അവസാനിക്കും വരെ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ വോട്ടർമാരെ പോളിംഗ് ബൂത്തിൽ എത്തിക്കുന്നതിന് പരിശ്രമിച്ചു. വൈകിട്ട് അഞ്ചു കഴിഞ്ഞതോടെ പല കേന്ദ്രങ്ങളിലും തിരക്ക് വർദ്ധിച്ചു. ആറു മണിക്കകം എത്തിയവർക്കെല്ലാം വോട്ടു ചെയ്യാൻ അവസരം നൽകി. മിക്ക ബൂത്തുകളിലും വോട്ടിംഗ് ഏഴര വരെ നീണ്ടു. അവസാന മണിക്കൂറുകളിൽ നേരിയ തോതിൽ വാക്കേറ്റങ്ങളും ഉടലെടുത്തു. കടവന്ത്ര കെ.വി. സ്കൂളിൽ കള്ളവോട്ട് ശ്രമമുണ്ടായെന്ന് പരാതിയുയർന്നു.
ചൊവ്വാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയത് മുതൽ ബൂത്തുകളിൽ നീണ്ട നിര കാണാനായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു ശിവൻ, യു.ഡി.എഫ് സ്ഥാനാർത്ഥി പി.ഡി. മാർട്ടിൻ, ബി.ജെ.പി സ്ഥാനാർത്ഥി പി.ജി. മനോജ്കുമാർ എന്നിവർ ഡിവിഷനിൽ ഓട്ടപ്രദക്ഷണത്തിലായിരുന്നു. ഡിവിഷനിലെ കോളനികൾ, ഫ്ളാറ്റുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം വോട്ടർമാർ കൂട്ടമായെത്തി.
കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഡിവിഷനിൽ 52 ശതമാനമായിരുന്നു പോളിംഗ്. ഇരുമുന്നണികളും നടത്തിയ വാശിയേറിയ പ്രചാരണമാണ് ഇക്കുറി പോളിംഗ് ശതമാനം ഉയരാൻ കാരണം. വോട്ടിംഗ് ശതമാനം ഉയർന്നത് തങ്ങളെ തുണയ്ക്കുമെന്ന് ഇരുമുന്നണികളും അവകാശവാദം ഉന്നയിച്ചു. കോർപ്പറേഷൻ ഭരണം ഉലയാതെ മുന്നോട്ടുകൊണ്ടുപോകാൻ എൽ.ഡി.എഫിന് വിജയം അനിവാര്യമാണ്. യു.ഡി.എഫും വിജയപ്രതീക്ഷയിലാണ്. എൽ.ഡി.എഫ് കൗൺസിലർ കെ.കെ. ശിവൻ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്‌. അദ്ദേഹത്തിന്റെ ഭാര്യയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ബിന്ദു ശിവൻ.