കൂത്താട്ടുകുളം: നഗരത്തിലൂടെ ഒഴുകുന്ന ടൗൺതോടിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. 1.89 കോടി രൂപ മുടക്കി കെ.എൽ.ഡി.സിയാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്. മേനാമറ്റം ഭാഗത്ത് 300 മീറ്റർ, കെ എസ് ആർ ടി സി സ്റ്റാൻ്റ്' കഴിഞ്ഞുള്ള ഭാഗം മുതൽ ശ്രീധരീയം വരെ 175 മീറ്റർ എന്നിവിടങ്ങളിലാണ് ആദ്യം പണികൾ നടക്കുക. ഇത് പൂർത്തിയായശേഷം വയലുകളുള്ള ശ്രീധരീയം ഭാഗത്ത് വിളവെടുപ്പിനുശേഷം നിർമ്മാണമാരംഭിക്കും. വീതിയും ആഴവും കൂട്ടി കരിങ്കൽക്കെട്ടുകൊണ്ട് സംരക്ഷണഭിത്തിയും ഉൾപ്പെടുത്തിയാണ് നിർമ്മാണം. പദ്ധതി പൂർത്തിയാകുന്നതോടെ നഗരപ്രദേശത്തെ ശുചിത്വം ഉറപ്പാക്കാനാകും. മഴക്കാലത്ത് തോട് കര കവിഞ്ഞുണ്ടാകുന്ന വെള്ളപ്പൊക്കവും പരിഹരിക്കപ്പെടുമെന്ന് നഗരസഭ ചെയർപേഴ്സൻ വിജയ ശിവൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ്, കൗൺസിലർ റോബിൻ ജോൺ വൻനിലം എന്നിവർ പറഞ്ഞു.
രണ്ടുവർഷം മുമ്പ് പദ്ധതി അംഗീകാരമായെങ്കിലും തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. നഗരസഭ ഭരണസമിതിയുടെ നിരന്തര ഇടപെടലാണ് പദ്ധതിക്ക് വീണ്ടും ജീവൻവയ്ക്കാൻ കാരണമായത്. പെട്ടെന്നുണ്ടാകുന്ന മഴയും വെള്ളപ്പൊക്കവും ടൗണിൽ വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടാക്കിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തോട്ടിലേക്ക് അഴുക്കുചാലുകൾ വഴി ഒഴുകിയെത്തിയതും വ്യക്തികൾ നിക്ഷേപിച്ചതുമായ മാലിന്യങ്ങൾ കഴിഞ്ഞ വർഷമാദ്യം കോരിമാറ്റിയിരുന്നു.