
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ വൈദ്യുത പോസ്റ്റുകൾ തകർന്നു. ആളപായമില്ല. ചൊവ്വാഴ്ച രാവിലെ ഹിൽപാലസ് എ.ആർ ക്യാമ്പിനടുത്ത് അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ വൈദ്യുത പോസ്റ്റ് തകർന്നൊടിഞ്ഞു. വട്ടം മുറിഞ്ഞ പോസ്റ്റ് റോഡിനു കുറുകെ വീണ് ഗതാഗതവും തടസപ്പെട്ടു. പ്രദേശത്ത് വൈദ്യുതി മുടങ്ങി. കെ.എസ്.ഇ.ബി. ജീവനക്കാർ എത്തി ഉച്ചയോടെയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. വൈകുന്നേരം 6.15ന് വൈക്കം റോഡിൽ കിണർ ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാർ പോസ്റ്റിടിച്ചു തകർത്തു. ഇവിടെയും ഗതാഗതത്തിന് നേരിയ തടസമുണ്ടായി. വൈദ്യുതി വിതരണം ഒട്ടേറെ നേരം തടസപ്പെട്ടു. പൊലീസും ഫയർഫോഴ്‌സും വൈദ്യുതി ജീവനക്കാരും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട കാർ സംഭവസ്ഥലത്തു നിന്നുയർത്തി മാറ്റിയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്.