കൊച്ചി: വിദ്യാർത്ഥികളെ വലച്ച പ്ലസ് ടു ബോർഡ് ഇംഗ്ലീഷ്, കണക്ക് പരീക്ഷകളിൽ മൂല്യനിർണയത്തിൽ ഉദാരസമീപനം സ്വീകരിക്കണമെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾ സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തിൽ മാർക്ക് നൽകുന്നതിൽ മോഡറേഷൻ സംവിധാനം ഏർപ്പെടുത്തണമെന്നും ചെയർമാൻ മനോജ് അഹൂജയ്ക്ക് കൗൺസിൽ ദേശീയ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
സിലബസിനും പാഠപുസ്തകത്തിനും പുറത്തു നിന്നുള്ള ചോദ്യങ്ങൾ വിദ്യാർത്ഥികളെ വലച്ചു. ചോദ്യങ്ങൾ പലതും 90 മിനിറ്റിൽ ഉത്തരം എഴുതാൻ കഴിയാത്ത രീതിയിൽ ദീർഘമായിരുന്നു. വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ മാർക്ക് ലഭ്യത സാരമായി ബാധിക്കും. മത്സര പരീക്ഷകളിൽ നിന്ന് പുറന്തള്ളപ്പെടുന്ന സ്ഥിതിയുണ്ടാവുന്നത് സി.ബി.എസ്.ഇ സ്‌കൂളുകളുടെ നിലനിൽപ്പിന് ഭീഷണിയാവുമെന്നും ഇന്ദിര രാജൻ പറഞ്ഞു.